NewsIndia

ദീപയുടെ പാര്‍ട്ടിക്ക് അമ്മയുടെ പേരോ?

ചെന്നൈ: എ.ഐ.ഡി.എം.കെ.ക്കുപകരം ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പുതിയ പാർട്ടി രൂപീകരിക്കുന്നു. പാർട്ടിക്ക് അമ്മാ ഡി.എം.കെ. എന്നു പേരിടുമെന്ന് സൂചനയുണ്ട്. പാർട്ടി പ്രഖ്യാപനം ജയലളിതയുടെ ജന്മദിനമായ 24-ന് ഉണ്ടാകുമെന്നാണ് ദീപ അറിയിച്ചത്. പക്ഷെ കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവന്റെ സഹോദരന്‍ ഇനിയന്‍ സമ്പത്ത് അമ്മാ ഡി.എം.കെ. എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചിരുന്നു. ഈ പേരുമായി അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്. അതിനാല്‍ അമ്മാ ഡി.എം.കെ. എന്ന പേരുലഭിക്കണമെങ്കില്‍ സമ്പത്തിനെയും ഒപ്പം കൂട്ടേണ്ടി വരും. അതേസമയം, ഒ. പനീര്‍ശൈല്‍വവുമായി സഹകരിക്കാനുള്ള സാധ്യതയും ദീപ തള്ളിക്കളയുന്നില്ല.

പനീര്‍ശൈല്‍വവുമായി സഹകരിക്കുന്ന വിഭാഗം എ.ഐ.ഡി.എം.കെ. (അമ്മ) എന്ന പേരില്‍ പാര്‍ട്ടിയുമായി മുന്നോട്ടു പോകണമെന്ന അഭിപ്രായത്തിലാണ്. കൂടാതെ ഇതിന്റെ ജനറല്‍ സെക്രട്ടറിയായി ദീപാ ജയകുമാറിനെ പരിഗണിക്കാമെന്ന ആലോചനയും ശക്തമാണ്. എ.ഐ.ഡി.എം.കെ.യെ മുന്‍ മുഖ്യമന്ത്രി കരുണാനിധി അമ്മാ ഡി.എം.കെ. എന്ന് നിരന്തരം കളിയാക്കാറുണ്ടായിരുന്നു.

താന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലമാണെന്നാണ് ദീപ പറയുന്നത്. ജയലളിതയുടെ ഏകസഹോദരന്‍ ജയകുമാറിന്റെ മകളാണ് 42-കാരിയായ ദീപ. രൂപംകൊണ്ടും പെരുമാറ്റംകൊണ്ടും ജയലളിതയുടെ സാദൃശ്യമാണ് ദീപയുടെ ജനപ്രീതി ഉയര്‍ത്തുന്നത്. ദീപയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ബോര്‍ഡുകളും പോസ്റ്ററുകളും ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനില്‍ നിന്ന് ഉന്നതപഠനം പൂര്‍ത്തിയാക്കിയ ദീപ ടി. നഗറിലാണ് ഇപ്പോള്‍ താമസം. അച്ഛന്‍ ജയകുമാര്‍ ബെംഗളൂരുവിലാണ്.

shortlink

Post Your Comments


Back to top button