NewsGulf

വലിയ തോതില്‍ സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി യു.എ.ഇ

വലിയ തോതിലുള്ള സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി യു.എ.ഇ. യു.എ.ഇ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത സ്വദേശി തൊഴില്‍രഹിതരുടെ എണ്ണം കണക്കിലെടുത്താണ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 250 കമ്പനികളില്‍ സ്വദേശിവത്കരണം നടപ്പാക്കും.

മാനേജ്മെന്‍റ്, അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ പദവികളില്‍ സ്വദേശികളെ നിയമിക്കുന്നതിന് സ്വകാര്യ കമ്പനികളെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള പദ്ധതിയായണ് നടപ്പാക്കുക.അതിനാൽ സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് ഇന്‍സന്‍റീവ് അനുവദിക്കാൻ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം തീരുമാനിച്ചു.

ബാങ്കിങ്, ഇന്‍ഷുറന്‍സ്, ധനകാര്യം എന്നീ മേഖലകളിൽ 75 ദിവസത്തിനകം 1,000 തൊഴിലന്വേഷകര്‍ക്ക് നിയമനം നല്‍കുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പറഞ്ഞു. ഈ മേഖലകളിലെ 166 കമ്പനികളുമായി ആശയവിനിമയം നടത്തി. 7,637 തൊഴിലന്വേഷകരെ ഇമെയില്‍, ഫോണ്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവ മുഖേന മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. 75 ദിവസത്തിനകം നിയമിക്കാനുദ്ദേശിക്കുന്ന 1,000 പേരില്‍ 46.7 ശതമാനത്തിന് 50 ദിവസത്തിനകം തന്നെ ജോലി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വകാര്യ മേഖലയില്‍ രണ്ട് വര്‍ഷത്തിനകം 3,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്‌ഷ്യം. യു.എ.ഇ പൗരന്മാര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനും,കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിനുമായുള്ള പൈലറ്റ് പദ്ധതി 2016 ഡിസംബറില്‍ തന്നെ ആരംഭിച്ചിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായിട്ടാണ് സ്വദേശിവത്കരണം കൂടുതല്‍ വ്യാപിപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം തന്നെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച ശേഷം ജോലി ഉപേക്ഷിക്കുന്ന പ്രവണത തടയാനുള്ള വഴികളും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

ശമ്പളത്തില്‍ സംതൃപ്തരല്ലാത്തതിനാലാണ് 37.7 ശതമാനം സ്വദേശികളും സ്വകാര്യ മേഖലയില്‍ ജോലിക്ക് നില്‍ക്കാത്തതെന്ന് ദേശീയ മാനവ വിഭവ ശേഷി എംപ്ളോയ്മെന്‍റ് അസിസ്റ്റന്‍റ് സെക്രട്ടറി ഫരീദ ആല്‍ അലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button