Kerala

ലക്ഷ്മിനായര്‍ രാജിവെച്ചിട്ടില്ല; ലോ കോളേജിലെ വിദ്യാര്‍ഥി സമരം പരാജയം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് തുടര്‍ന്ന സമരം അവസാനിക്കുമ്പോഴും ലക്ഷ്മിനായര്‍ രാജിവെച്ചിട്ടില്ല എന്നത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. വിദ്യാര്‍ഥികളും വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം പ്രതികരിച്ച ലോ അക്കാദമി ഡയറക്ടര്‍ ഡോ.നാരായണന്‍നായര്‍ ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ലക്ഷ്മിനായര്‍ രാജിവെച്ചിട്ടില്ലെന്നും 27വര്‍ഷത്തെ സര്‍വീസിന്റെ ആനുകൂല്യം വേണ്ടെന്നു വയ്ക്കില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സമരം നടത്തിവന്ന വിദ്യാര്‍ഥികള്‍ക്ക് ഭാഗികമായി ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സമരം അവസാനിച്ചിരിക്കുന്നത്. പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും എന്നുമാത്രമാണ് തീരുമാനമായിരിക്കുന്നത്. പുതിയ പ്രിന്‍സിപ്പലിന് കാലാവധി നിശ്ചയിക്കാതെയാകും നിയമനം നല്‍കുകയെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രിന്‍സിപ്പലായി ആരെ നിയമിക്കണം എന്നുള്ളതും സര്‍വീസ് കാലാവധി എത്രവര്‍ഷം ബാക്കിയുള്ള ആളെ നിയമിക്കണം എന്നുള്ളതും മാനേജ്‌മെന്റ് തീരുമാനമാണ്. വിദ്യാര്‍ഥിസമരം ശക്തമായതിനു പിന്നാലെ ലോ അക്കാദമി മാനേജ്‌മെന്റ് തീരുമാനപ്രകാരം ഡോ.ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നു. ആ സ്ഥിതി തുടരുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുമുള്ളത്. പുതിയ പ്രിന്‍സിപ്പലിനോട് ഭാവിയില്‍ സ്ഥാനം ഒഴിയാന്‍ മാനേജ്‌മെന്റിന് ആവശ്യപ്പെടാം. അല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ അധികകാലം ബാക്കിയില്ലാത്ത ഒരാളെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തണുക്കുന്നതുവരെ നിയമിക്കുകയും അദ്ദേഹത്തിന്റെ കാലാവധി കഴിയുമ്പോള്‍ ലക്ഷ്മിനായര്‍ക്ക് പ്രിന്‍സിപ്പല്‍ പദവിയിലേക്ക് തിരിച്ചുവരികയും ചെയ്യാം. 27വര്‍ഷത്തെ ലക്ഷ്മിനായരുടെ സര്‍വീസ് വേണ്ടെന്നു വയ്ക്കില്ല എന്ന് ഓര്‍മപ്പെടുത്തുക വഴി അവര്‍ക്കു തിരിച്ചുവരാന്‍ അവസരമുണ്ടെന്നു തന്നെയാണ് നാരായണന്‍നായരും വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ലോ അക്കാമിയില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം പതിനെട്ടിന് നടക്കും. പുതിയ പ്രിന്‍സിപ്പല്‍ നിയമനത്തിനു മാനേജ്‌മെന്റ് ഇന്ന് പത്രപരസ്യം നല്‍കിയിരുന്നു. തിങ്കളാഴ്ച മുതല്‍ ക്ലാസ്സ് തുടങ്ങാനാണ് തീരുമാനം. അതേസമയം നേരത്തെ എസ്.എഫ്.ഐ എഴുതി വാങ്ങിച്ച ആവശ്യങ്ങളില്‍ കൂടുതലൊന്നും സര്‍ക്കാരും ഉറപ്പുനല്‍കിയിട്ടില്ല. ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തുമെന്നായിരുന്നു എസ്.എഫ്.ഐക്ക് നല്‍കിയ ഉറപ്പ്. ഇപ്പോള്‍ പുതിയ പ്രിന്‍സിപ്പല്‍ വന്നാലും അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ആ പദവിയില്‍ ഉണ്ടാകുമെന്ന ഉറപ്പും സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടില്ല. ചുരുക്കത്തില്‍ സമരം അവസാനിപ്പിക്കാനുള്ള ഒരു ഉപാധിമാത്രമായിരുന്നു ഇന്ന് നടന്ന ചര്‍ച്ച എന്നാണ് വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button