സൗദിയിൽ വാഹനം ഓടിക്കുന്നതിനിടെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺ കൈയിലെടുക്കുന്നവർ സൂക്ഷിക്കുക. ഗതാഗത നിയമ ലംഘന പ്രകാരം നിങ്ങൾക്കും പിഴ ചുമത്തും. സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്താവ് കേണൽ താരിഖ് അൽ റബീആൻ ആണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവിംഗിനിടെ ഏതു ആവശ്യങ്ങൾക്കും മൊബൈൽ ഫോൺഉപയോഗിക്കുന്നതും കൈയിൽ എടുക്കുന്നതും നിയമ ലംഘനമായി കണ്ട് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
നിയമ ലംഘനം രജിസ്റ്റർ ചെയ്ത് ഒരു മാസത്തിനകമാണെങ്കിൽ 150 റിയാലും ഒരു മാസം കഴിഞ്ഞാണെങ്കിൽ 300 റിയാലുമാണ് പിഴയായി അടക്കേണ്ടുന്നത്. കൂടാതെ പിടിക്കപ്പെട്ടാൽ പിഴക്കു പുറമെ 24 മണിക്കൂർ തടവ് ശിക്ഷയും ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സാമൂഹിക പ്രവർത്തകരും ചൂണ്ടികാണിക്കുന്നു. ഗതാഗത നിയമ ലംഘനങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ട്രാഫിക് അതോറിറ്റി തന്നെയാണ് ഇങ്ങനെയുള്ള നിയമ ലംഘനങ്ങൾക്കും തടവു ശിക്ഷ വിധിക്കുന്നത്.
Post Your Comments