രാജപുരം: കണ്ടക്ടറുടെ ശല്യം പരിധിവിട്ടതിനാൽ ബസ് നിര്‍ത്തിച്ച് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ബി.ബി.എ. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീന. കെ. നമ്പ്യാർക്കാണ് പരിക്കേറ്റത്. കണ്ടക്ടര്‍ പാണത്തൂര്‍ മാവുങ്കാലിലെ പ്രവീണിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സംഭവം. രാവിലെ കോളേജിലേക്കു പോകാന്‍ ആർ. എം. എസ് എന്ന ബസിൽ കയറിയ ശ്രീനയോട് കണ്ടക്ടർ മോശമായി പെരുമാറി. ബസിന്റെ മുന്‍വശത്ത് സ്ഥലമുണ്ടായിട്ടും പിന്നിലേക്കു മാറിനില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെടുകയും അനുസരിക്കാത്തതിന് ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി ശ്രീന പറയുന്നു. ഇയാളുടെ ശല്യം രൂക്ഷമായതോടെ കോളേജ് സ്റ്റോപ്പിലേക്ക് ടിക്കറ്റെടുത്ത വിദ്യാര്‍ഥിനി പാറപ്പള്ളിയില്‍ ഇറങ്ങുകയായിരുന്നു.
ഇതിനിടെ കണ്ടക്ടറുടെ ആവശ്യപ്രകാരം ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതോടെ ശ്രീന തെറിച്ച് റോഡില്‍ വീണു. നാട്ടുകാരും വിദ്യാര്‍ഥികളും വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാജപുരം പോലീസെത്തി കണ്ടക്ടറെ പിടികൂടുകയായിരുന്നു. ഇതിനുമുമ്പും യാത്രയ്ക്കിടെ ഇയാള്‍ അപമര്യാദയായി പെരുമാറിയിരുന്നതായി പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു.
Post Your Comments