തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നത്തില്‍ ഇടഞ്ഞ സി.പി.എമ്മും സി.പി.ഐയും കൂടുതല്‍ അകലുന്നതായി സൂചന. ഇടതുമുന്നണിയുടെ പിളര്‍പ്പിലേക്ക് വഴിതുറക്കുന്ന സാഹചര്യമാണ് ഇരുപാര്‍ട്ടികളുമായി ബന്ധപ്പെട്ടുള്ളത്. സി.പി.എം, സി.പി.ഐ നേതാക്കള്‍ പരസ്യപ്രസ്താവനയും വിഴുപ്പലക്കലുമായി രംഗത്ത് സജീവമാകുന്നതോടെ മുന്നണിഐക്യം തന്നെ തകര്‍ന്നിരിക്കുകയാണെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിനെയും മുന്നണിയെയും നിരന്തരം വെട്ടിലാക്കുകയാണു സി.പി.ഐ എന്നാണ് സി.പി.എമ്മിന്റെ ആക്ഷേപം. ഇതിനെതിരെ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യവും സി.പി.എമ്മില്‍ ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്താന്‍ തയാറല്ലെങ്കില്‍ അതിനോടു പൊരുത്തപ്പെടാനാകില്ലെന്ന വികാരത്തിലാണു സി.പി.ഐ. അതേസമയം സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ഇടതുമുന്നണി യോഗം പോലും ചേരാന്‍ കഴിയാത്ത സാഹചര്യമാണ്.
ലോ അക്കാദമി ഭൂമി തട്ടിപ്പ് വിഷയത്തില്‍ റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുമ്പോള്‍ അതിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിയത് സി.പി.ഐ മന്ത്രിമാരെയും ചൊടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ഇല്ലെങ്കില്‍ മന്ത്രിമാരായി തുടരുന്നതില്‍ എന്താണ് അര്‍ഥമെന്നും സി.പി.ഐ മന്ത്രിമാര്‍ ചോദിക്കുന്നു. അതേസമയം ലോ അക്കാദമി സമരത്തില്‍ ബി.ജെ.പിയോടൊപ്പം സഹകരിക്കുന്ന സി.പി.ഐക്കെതിരേ സി.പി.എമ്മില്‍ ശക്തമായ പ്രതിഷേധമുണ്ട്. സി.പി.ഐക്കാര്‍ ബി.ജെ.പിയുടെ കെണിയില്‍ വീണിരിക്കുകയാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെ തിങ്കളാഴ്ച സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ പിണറായി വിജയനതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ച് എഡിറ്റോറിയല്‍ പേജില്‍ രണ്ടുലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലഞ്ഞിരിക്കുകയാണ്.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ വിമര്‍ശനവും സി.പി.ഐയെ ചൊടിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ഔദാര്യത്തിലാണ് സി.പി.ഐ വളരുന്നതെന്നും സി.പി.ഐ മന്ത്രിമാര്‍ സ്വന്തം ഇഷ്ടപ്രകാരം അന്വേഷണം പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ജയരാജന്‍ തുറന്നടിച്ചിരുന്നു. അതേസമയം ഇരുപാര്‍ട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങള്‍ ഇടപെട്ടില്‍ കേരളത്തില്‍ ഇടതുമുന്നണി തന്നെ തകര്‍ന്നു തരിപ്പണമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
Post Your Comments