തിരുവനന്തപുരം ലോ അക്കാദമിക്ക് മുമ്പിലുള്ള സമര വേദി ഇതിനോടകം വ്യത്യസ്ഥമായ പല കാഴ്ചകള്‍ക്കും സാക്ഷ്യം വഹിച്ചു കഴിഞ്ഞു. ഒരു വശത്ത് സമര പരമ്പരകളുടെ വേലിയേറ്റം. മറുവശത്ത് രാഷ്ട്രീയത്തിലെ ആജന്മ ശത്രുക്കളെ ആശ്ളേഷിക്കുകയും മിത്രങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന കാഴ്ച. എസ്എഫ്ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി സമരം ചെയ്യുന്നു. ബിജെപി നേതാവ് വി.മുരളീധരന്റെ ഒരാഴ്ചയിലധികം നീണ്ടുനിന്ന നിരാഹാര സമരം. അതിന്റെ തുടര്‍ച്ചയായി വി.വി രാജേഷ് അനുഷ്ഠിക്കുന്ന നിരാഹാരം. സ്ഥലം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്റെ നിരാഹാരം. ഇതിനിടക്ക് ബിജെപിയുടെ റോഡ് ഉപരോധം. അതിനെ തുടര്‍ന്നുള്ള പോലീസ് ലാത്തിചാര്‍ജ്ജ്. പിന്നെ ഹര്‍ത്താല്‍. സംസ്ഥാന വ്യാപകമായുള്ള വിദ്യാഭ്യാസ ബന്ദ്. ബിജെപിയുടെ സമര വേദിയില്‍ എത്തുന്ന സിപിഐ നേതാക്കള്‍. ആജന്മ ശത്രുക്കളായ ആം ആദ്മിയുടെ പിന്തുണ. അവസാനം സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനം. ഇതൊന്നും പോരാത്തതിന് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും ഇവിടേക്ക് ഒഴുകിയെത്തുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ആയിരക്കണക്കിന് പ്രവര്‍ത്തകരും അപ്രതീക്ഷിതമായി എത്തിയ സെലിബ്രിറ്റികളും സമരത്തിന് കൊഴുപ്പേകുന്നു. ലോ അക്കാദമി വിഷയത്തില്‍ സാക്ഷാല്‍ വി.എസ് അച്യുതാനന്ദനും സിപിഐയും ചേര്‍ന്ന ഭരണപക്ഷത്തെ പ്രതിപക്ഷം സിപിഎമ്മിനെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ അത്യന്തം നാടകീയമായ സംഭവങ്ങള്‍ തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ ലോ അക്കാദമി സമരത്തെ നോക്കി കാണുകയാണ് പ്രമുഖ സംവിധായകന് അലി അക്ബര്‍. ബിജെപി സംസ്ഥാന സമിതിയംഗം കൂടിയായ അലി അക്ബറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.
*ലോ അക്കാദമി സമരം 26 ദിവസം പിന്നിടുമ്പോള്‍ താങ്കള്‍ എങ്ങനെ നോക്കികാണുന്നു?
പ്രധാനമായും രണ്ട് കാര്യങ്ങളാണ് എനിക്ക് മനസിലാകുന്നത്. ഒന്ന്, മാനേജ്മെന്റിന്റെ ധാര്‍ഷ്ഠ്യം. മറ്റൊന്ന് ലക്ഷ്മി നായര്‍ എന്ന വ്യക്തിയെ ഭയക്കുന്ന ഭരണപക്ഷം. ഈ രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സമരം അവസാനിക്കാത്തത്. വിദ്യാര്‍ത്ഥികളുടെ സമരം തികച്ചും ന്യായമാണ്. മാനേജ്മെന്റിന്റെ ധിക്കാരം കാരണം എത്ര ദിവസത്തെ പഠിപ്പാണ് മുടങ്ങിയത്! സമരം മൂലം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എത്രയാളുകള്‍ക്കാണ് ഗുരുതരമായി പരിക്ക് പറ്റിയത്? സമരം രമ്യമായി പരിഹരിക്കാനുള്ള അടിയന്തര നടപടി ഭരണകൂടം കൈക്കൊണ്ടേ മതിയാകൂ.
*വീണ്ടും ക്ലാസ്സ് ആരംഭിക്കാന്‍ ലോ അക്കാദമി മാനേജ്മെന്റ് നീക്കം നടത്തുകയും ഒടുവില്‍ പിന്മാറുകയും ചെയ്തിരിക്കുകയാണ്.
?? എന്തിനു വേണ്ടിയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്? സമരത്തിന്റെ ആവശ്യം തന്നെ പ്രിന്‍സിപ്പല്‍ രാജി വയ്ക്കുക എന്നതാണ്. പ്രിന്‍സിപ്പല്‍ രാജി വയ്ക്കാതെയാണോ ക്ളാസുകള്‍ പുനരാരംഭിക്കുന്നത്. സമരം ചെയ്യുന്നവര്‍ വിഡ്ഢികളല്ലെന്ന് മനസിലാക്കണം. ഗുരുതരമായ ആരോപണങ്ങളാണ് ആ പ്രിന്‍സിപ്പലിന്റെ നേര്‍ക്ക് ഉയര്‍ന്നിരിക്കുന്നത്. തന്റെ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കാന്‍ മാത്രം ഒരു അധ്യാപിക അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ അധപതിച്ചോ? എവിടെ സാസ്കാരിക നായകര്‍? എവിടെ പ്രസ്താവനയും പ്രതികരണങ്ങളും?
*യഥാര്‍ത്ഥത്തില്‍ സാംസ്കാരിക നായകരുടെ ഇരട്ടത്താപ്പ് അല്ലേ വ്യക്തമാകുന്നത്?*
സംശയമെന്ത്? കേരളത്തിലെ സാംസ്കാരിക നായകരെയൊക്കെ സ്പോണ്സര് ചെയ്തിരിക്കുന്നത് സിപിഎം ആണ്. സിപിഎമ്മിന് വേദനിക്കുന്നതൊന്നും നമ്മുടെ സാംസ്കാരിക നായകര്‍ പറയില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സിപിഎം നടപ്പാക്കുന്ന സാംസ്കാരിക ഫാസിസമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സ്വതന്ത്രമായ കാഴ്ചപ്പാടാണ് പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുന്നവര്‍ക്ക് വേണ്ടത്.
*ലോ അക്കാദമി സമരത്തില്‍ ബിജെപി ഏറെ മുന്നോട്ട് പോയല്ലോ*
രണ്ട് വശങ്ങളാണ് ഈ സമരത്തിനുള്ളത്. ഒന്ന്, കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒന്നടങ്കം ബാധിക്കുന്ന പൊതുപ്രശ്നം. മറ്റൊന്ന് അനധികൃത ഭൂമി കയ്യേറ്റം. യഥാര്‍ത്ഥത്തില്‍ ശക്തമായ പ്രതിപക്ഷത്തിന്റെ ദൗത്യം ആണ് ബിജെപി നിറവേറ്റുന്നത്. അതുകൊണ്ടാണ് മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ സമരപന്തല്‍ സന്ദര്‍ശിച്ചതും പിന്തുണ അറിയിച്ചതും. ഇത് കേരളത്തിന്റെ പൊതുപ്രശ്നമായി മാറുകയാണ്. ഒരുപക്ഷേ, ബിജെപി ആയിരുന്നു ഭരണപക്ഷത്തെങ്കില്‍ രണ്ട് ദിവസം കൊണ്ട് ഈ പ്രശ്നം പരിഹരിച്ചേനെ. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന് മുട്ടിടിച്ചത് സരിതാ നായര്‍ക്ക് മുമ്പിലാണെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അത് ലക്ഷ്മി നായര്‍ക്ക് മുമ്പിലായെന്ന് മാത്രം. നട്ടെല്ലുള്ള സര്‍ക്കാരാണ് ഉണ്ടാകേണ്ടത്.
*എസ്എഫ്ഐയുടെ നാടകീയ പിന്മാറ്റത്തെ പറ്റി*
എസ്എഫ്ഐ ചതിച്ചത് വിദ്യാര്‍ത്ഥികളെയാണ്. ഒരുവശത്ത് വിദ്യാര്‍ത്ഥികളോട് സ്നേഹം നടിക്കുകയും മറുവശത്ത് രഹസ്യമായി മാനേജ്മെന്റിന് പിന്തുണ നല്‍കുകയും ചെയ്തു. ലോ അക്കാദമി വിഷയത്തില്‍ മാനേജ്മെന്റും വിദ്യാഭ്യാസ മന്ത്രിയും തമ്മില്‍ ഒത്തുകളിക്കുകയാണെന്നാണ് മറ്റg വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രധാന ആരോപണം. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മാനേജ്മെന്റ് തീരുമാനിച്ച കാര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി ചെയ്തത്. പലപ്പോഴും മാനേജ്മെന്റിന് വേണ്ടി മറുപടി പറഞ്ഞതുപോലും എസ്എഫ്ഐ ആണ്. മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു വിപ്ലവം പ്രസംഗിച്ചവര്‍ക്ക് ഇവിടെ എന്തുപറ്റി? ലക്ഷ്മി നായര്‍ കുറ്റം ചെയ്തെന്ന് ഉറപ്പായിട്ടും നിഷേധാത്മക സമീപനമാണ് എസ്എഫ്ഐ കൈക്കൊണ്ടത്.
ലോ അക്കാദമി സമരം ഒരു മാസം തികയാന്‍ പോകുന്നു. സമരത്തിനു വഴിതെളിച്ച കാരണം ന്യായം ആയതുകൊണ്ടും സമരം അവസാനിക്കാത്തതിനു കാരണം മാനേജ്മെന്റിന്റെ ധിക്കാരം ആയതുകൊണ്ടും കേരളത്തിലെ പൊതുസമൂഹം ഒന്നാകെ ഈ സമരത്തിന് പിന്തുണ നല്‍കുകയാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങള്‍ കൂടുതല്‍ സമരം പ്രക്ഷുബ്ധമാകാനാണ് സാധ്യത. അതില്‍നിന്നുള്ള ഒളിച്ചോട്ടമാണ് നാളെ മുതല്‍ ക്ലാസ്സ് ആരംഭിക്കാനുള്ള നീക്കത്തില്‍നിന്നും ലോ അക്കാദമി മാനേജ്മെന്റിന്റെ പെട്ടെന്നുള്ള പിന്മാറ്റം.
Post Your Comments