ലോ അക്കാദമി കോളേജിനു മുന്നില്‍ ബി.ജെ.പി നടത്തിവരുന്ന നിരാഹാര സത്യഗ്രഹം ഏറെ മാധ്യമശ്രദ്ധ നേടി മുന്നേറുകയാണ്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടും ലോ അക്കാദമി മാനേജ്‌മെന്റ് തട്ടിയെടുത്ത ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി ആരംഭിച്ച സമരത്തിനു മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍പോലും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായി വിയോജിപ്പുള്ളപ്പോഴും പൊതു ആവശ്യത്തിനുവേണ്ടി ഒന്നിച്ചുനില്‍ക്കണമെന്നും സഹിഷ്ണുത പുലര്‍ത്തണമെന്നുമുള്ള ധാരണയോടെ തന്നെയാണ് ബി.ജെ.പി സമരത്തിനു മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യം പൊതുവായതുകൊണ്ടും ന്യായമായതുകൊണ്ടുമാണ് ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയും മുസ്ലീംലീഗിന്റെ വിദ്യാര്‍ഥി സംഘടന എം.എസ്.എഫും ലോ അക്കാദമി കവാടത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് സമരം ചെയ്യുന്നത്. ഭരണപക്ഷത്തെ മറ്റൊരു പ്രമുഖ വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫും കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവും ഇവര്‍ക്കൊപ്പമുണ്ട്. ചുരുക്കത്തില്‍ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാര്‍ഥി സംഘടനകളും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.വൈ.എഫും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ള യുവജന സംഘടനകളും സമരം നടത്തുമ്പോള്‍ സമരം നടത്തുന്നവരെയും ലോ അക്കാദമി വിദ്യാര്‍ഥികളെയും കബളിപ്പിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സി.പി.എമ്മും ആ സമരത്തെ ഒറ്റുകൊടുത്തിരിക്കുകയാണ്.
ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൂടി എസ്.എഫ്.ഐ നടത്തിയ സമരം സി.പി.എമ്മിന്റെ കണ്ണുരുട്ടലിനെ തുടര്‍ന്ന് അവര്‍ പിന്‍വലിച്ചതിനു കേരളം മുഴുവന്‍ സാക്ഷി ആയതാണ്. അവരുടെ കള്ളക്കളി തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഇടതുപക്ഷത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ തീരുമാനിച്ചത്. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും വിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫും സമരം നടത്തുമ്പോള്‍ ആ സമരത്തില്‍ പങ്കെടുക്കാനെത്തിയ സി.പി.ഐ നേതാക്കള്‍ തൊട്ടടുത്ത് ഇതേ ആവശ്യം ഉന്നയിച്ച് നിരാഹാര സമരം നടത്തിയ ബി.ജെ.പി നേതാവ് വി.മുരളീധരനെ സന്ദര്‍ശിച്ചു. സി.പി.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും നിലവിലെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവുമാണ് ആദ്യം എത്തിയത്. തൊട്ടുപിന്നാലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബി.ജെ.പി വേദിയില്‍ എത്തി
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സി.പി.ഐ നേതാക്കള്‍ ബി.ജെ.പി വേദിയില്‍ എത്തിയതോടെ അരിശം മൂത്ത സി.പി.എമ്മിന്റെ സൈബര്‍ പോരാളികള്‍ക്കാകെ വീര്‍പ്പുമുട്ടി ഇരിക്കുകയാണ്. ഇടതുപക്ഷത്തുനിന്നുകൊണ്ട് സി.പി.ഐ നെറികേട് കാണിച്ചുവെന്നാണ് വാദം.ഇക്കാര്യത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ വിശദീകരണം ശ്രദ്ധേയമാണ്. കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്നും:
“വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അതാത് വര്‍ഗ നിലപാടുകള്‍ മുന്‍ നിര്‍ത്തി പരസ്പര ഐക്യത്തോടെ സമരം ചെയ്ത ചരിത്രം ഇപ്പോഴും എപ്പോഴും ഉണ്ട്. ആ രീതി തന്നെ ആണ് ലോ അക്കാദമിയിലും വിദ്യാര്‍ത്ഥികള്‍ തുടരുന്നത് . ബി ജെ പി ഈ സമരത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ മാത്രം സമരത്തില്‍ വന്നവര്‍ ആണ് . അവരോട് യാതൊരു സഹകരണവും സി പി ഐ ക്ക് ഇല്ല . സി പി ഐ നേതാക്കള്‍ സമരം ചെയ്യുന്ന ബി ജെ പി നേതാവിനെ കണ്ടതിനെ വിമര്‍ശിക്കുന്നവര്‍ സി പി ഐ രാഷ്ട്രീയത്തെ പ?റ്റി അറിയാത്തവര്‍ ആണ് .ബി ജെ പി ക്കാര്‍ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങള്‍ക്കും ലഭിച്ചു എന്ന് മേനി നടിക്കാം എന്നതില്‍ കവിഞ്ഞു അത്തരം വിമര്‍ശനങ്ങളില്‍ യാതൊരു കഴമ്പും ഇല്ല . രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് പാതകം ആണെന്ന് കരുതുന്ന സെക്ടേറിയന്‍ മനസിന് ഉടമകളും അല്ല സി പി ഐ പ്രവര്‍ത്തകര്‍”.
അതേസമയം നെറികേടു കാണിച്ചതും വിദ്യാര്‍ഥികളെ വഞ്ചിച്ചതും ആരാണെന്ന് കേരളത്തില്‍ പച്ചവെള്ളം കുടിക്കുന്നവര്‍ക്ക് മനസിലായതാണ്. പൊതുആവശ്യത്തിനു രാഷ്ട്രീയമുഖം നോക്കാതെ ഒന്നിച്ചുനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സി.പി.എം ഇനി എപ്പോഴാണ് തിരിച്ചറിയുന്നത്? സി.പി.ഐയെ ഇടതുമുന്നണിയില്‍നിന്നും പുറത്താക്കണമെന്നും 92അംഗ ഇടതു എം.എല്‍.എമാരില്‍നിന്നും സി.പി.ഐക്കുള്ള 19പേര്‍ ഒഴിവായാലും ശേഷിക്കുന്ന 72അംഗങ്ങളെക്കൂട്ടി ഭരണം സുഗമമായി നടത്താമെന്നുവരെ സി.പി.ഐയുടെ പ്രയോക്താക്കള്‍ കണക്കുകൂട്ടുന്നു. 71 അംഗങ്ങളെ കൂട്ടുപിടിച്ച് അഞ്ചുവര്‍ഷം തികച്ച ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയൊന്നും സാക്ഷാല്‍ പിണറായി വിജയന് ഇല്ലാത്തതുകൊണ്ട് സി.പി.ഐയെ പിണക്കിവിട്ടാല്‍ കേരളം ഒറ്റക്കു ഭരിക്കാമെന്ന വ്യാമോഹമെന്നും സി.പി.എമ്മിനു തോന്നേണ്ടതില്ല. സി.പി.ഐ കേരളത്തില്‍ പൊതുവേ സി.പി.എമ്മിനോളം ശക്തമല്ലായിരിക്കാം. പക്ഷേ അവരുടെ ശക്തികേന്ദ്രങളില്‍ സി.പി.ഐ നിര്‍ണായകമാണ്. അത്തരം കുറച്ച് മണ്ഡലങ്ങളിലെങ്കിലും സി.പി.ഐയുടെ വോട്ട് ഇല്ലാതെ സി.പി.എമ്മിനു ജയിക്കാനാകില്ല.
സി.പി.എമ്മിന്റെ വോട്ടുകൊണ്ടാണ് സി.പി.ഐ ജീവിച്ചുപോകുന്നത് എന്ന് വാദിക്കുന്നവര്‍ ഇക്കാര്യം മനസിലാക്കിയാല്‍ നന്ന്. സി.പി.ഐക്കാരെ ഇടതുമുന്നണിയില്‍നിന്നും പുറത്താക്കണമെന്ന് സി.പി.എം സൈബര്‍ സഖാക്കള്‍ ആവശ്യപ്പെട്ടു ക്ഷീണിച്ചപ്പോഴാണ് ബി.ജെ.പി വേദിയിലേക്ക് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി തന്നെ കടന്നുവന്നത്. നിരാഹാരം അനുഷ്ഠിക്കുന്ന ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനു ഹസ്തദാനം നല്‍കി സമരത്തിനു സകല പിന്തുണയും പ്രഖ്യാപിച്ചാണ് ഉമ്മന്‍ചാണ്ടി പോയത്. അതുകൊണ്ടുതന്നെ സി.പി.ഐയെ സംഘപരിവാര്‍ ആക്കിയ സി.പി.എമ്മുകാര്‍ ഉമ്മന്‍ചാണ്ടിയെ ആര്‍.എസ്.എസ് സര്‍ സംഘചാലക് ആക്കുന്ന കാലം വിദൂരമായിരിക്കില്ല. അവരുടെ ഭാഷയില്‍ കോണ്‍ഗ്രസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഇപ്പോള്‍ തന്നെ പാതി സംഘപരിവാറാണെന്നാണ് ആക്ഷേപം. ഇനി ഉമ്മന്‍ചാണ്ടിയെക്കൂടി സംഘപരിവാറായി മുദ്രകുത്തിയാല്‍ സി.പി.എം സംതൃപ്തരാകും.
Post Your Comments