ന്യൂഡല്‍ഹി: പാകിസ്ഥാന് ഭീകരതക്ക് ശക്തമായ തിരിച്ചടി നല്കാന് ഇന്ത്യന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുന്നു. പാകിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ എം.പി രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു. പാകിസ്ഥാനുമായുള്ള സാമ്പത്തിക ഇടപാടുകളും വ്യാപാരബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെ ഭീകര രാഷ്ട്രമായി ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ പ്രഖ്യാപനം നടത്തുന്നതുവരെ മറ്റുരാഷ്ട്രങ്ങള്‍ ഇക്കാര്യം പ്രഖ്യാപിക്കുമെന്നു കരുതുകയും വേണ്ടെന്നും സഭയിലെ അംഗങ്ങള്‍ ഒന്നടങ്കം ബില്ലിനെ ഒറ്റക്കെട്ടായി അംഗീകരിക്കണമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
1998 മുതല്‍ 2017 ജനുവരി 29വരെ 14,741 സാധാരണക്കാരാണ് രാജ്യത്ത് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ കാലയളവില്‍ നടന്ന 23,146 തീവ്രവാദി ആക്രമണങ്ങളിലായി 6,274 സൈനികര്‍ക്കും ജീവന് നഷ്ടമായി. ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നു വാഴ്ത്തുന്ന ഇന്ത്യന്‍ പാര്‍ലമെന്റില്‍പോലും 2001 ഡിസംബര്‍ 13നു ഭീകരാക്രമണമുണ്ടായി. പാകിസ്ഥാന്റെ ചരിത്രം പരിശോധിച്ചാല്‍തന്നെ അവര്‍ നിലകൊള്ളുന്നത് തീവ്രവാദത്തിനുവേണ്ടിയാണെന്നു മനസിലാക്കാം. പാകിസ്ഥാന് തീവ്രവാദത്തിനെതിരേ ലോകം ചര്‍ച്ച നടത്തുമ്പോള്‍ അവര്‍ ആദ്യം ചിന്തിക്കുന്നത് പാക് ഭീഷണിക്കെതിരേ ഇന്ത്യയും ഇന്ത്യന്‍ പാര്‍ലമെന്റും എന്തു നിലപാട് എടുത്തുവെന്നാണ്. പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്ന ബില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റു രാഷ്ട്രങ്ങള്‍ക്കു മുന്നറിയിപ്പാകുമെന്നും അത്തരം രാഷ്ട്രങ്ങളെയും ഭീകരരാഷ്ട്രങ്ങളായി പ്രഖ്യാപിക്കാന്‍ ബില്‍ സഹായകമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
അതേസമയം ബില്ലിനെ പിന്തുണക്കുന്നതായും കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ആനന്ദ ഭാസ്കര്‍ ബില്ലിനെ വിശേഷിപ്പിച്ചത് മഹത്തരമെന്നായിരുന്നു. ബില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments