India

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു

വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ സിംഹങ്ങള്‍ ആക്രമിച്ചു.കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല. ബെംഗളൂരുവിലെ ബന്നാർഘട്ട നാഷണൽപാര്‍ക്കിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത് എന്നാണ് സൂചന. രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരാക്രമണം പാർക്കിലുണ്ടാകുന്നത്. പിന്നാലെ എത്തിയ സഫാരി ബസ് ഡ്രൈവര്‍ മൊബൈലില്‍ പകര്‍ത്തിയ ആക്രമണത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഡ്രൈവര്‍ നിര്‍ത്താന്‍ ശ്രമിക്കാതെ വണ്ടിയോടിച്ച് മുന്നോട്ട് പോയതിനാലാണ് സിംഹങ്ങള്‍ പിന്തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഒരു സിംഹം ഇന്നോവയ്ക്ക് കുറുകെ വന്നപ്പോള്‍ മറ്റൊന്ന് വാഹനത്തിന്റെ മുകളില്‍ കയറാന്‍ ശ്രമിക്കുന്നതായാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ജനുവരി 28-നോ 29-നോ ആണ് സംഭവം നടന്നതെന്നും ഇത് പൂര്‍ണമായും ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റാണ് അതിനാൽ ഡ്രൈവറെ സഫാരി ചുമതലയില്‍ നിന്നൊഴിവാക്കിയെന്നും പാര്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്തോഷ് കുമാർ അറിയിച്ചു. സഞ്ചാരികളെ കൊണ്ടുപോകുന്ന ബസുകളുടെ ജനലുകളില്‍ ഇരുമ്പ് വലകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കാര്‍ പോലുള്ള ചെറു വാഹനങ്ങളില്‍ ഇത്തരം വലകള്‍ സ്ഥാപിക്കാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ സിംഹങ്ങള്‍ ആക്രമിച്ച കാറിന്റെ വശങ്ങളിലെ ജനലുകളില്‍ ഇരുമ്പ് വലകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. പക്ഷേ പിന്‍ഭാഗത്തെ ഗ്ലാസില്‍ ഇത് ഘടിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ പാര്‍ക്കിലുള്ള 20 സിംഹങ്ങളെ നാലും അഞ്ചും വീതമുള്ള സംഘങ്ങളാക്കിയാണ് തുറന്നുവിട്ടിരിക്കുന്നത്. അതിനാൽ ചെറു വാഹനങ്ങളെ സഫാരിക്ക് ചുമതലപ്പെടുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ഇത് മൃഗങ്ങളുടേയും വിനോദസഞ്ചാരികളുടേയും സുരക്ഷ ഉറപ്പുവരുത്തുമെന്നും സന്തോഷ് കുമാർ പറഞ്ഞു.

shortlink

Post Your Comments


Back to top button