രാഷ്ട്രീയ പ്രവർത്തകർ അധികാരത്തിലെത്തി മണിമാളികകളും കോടികളും സമ്പാദിക്കുന്ന പ്രസ്തുത കാലഘട്ടത്തിൽ എളിമ കൊണ്ടും ലളിതമായ ജീവിതം കൊണ്ടും ഏവർക്കും മാതൃകയാവുകയാണ് ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള മുൻമന്ത്രിയും എംഎൽഎയുമായിരുന്ന ജമുനപ്രസാദ് ബോസ്. നാലു വട്ടം എംഎൽഎ രണ്ടു വട്ടം മന്ത്രിയുമായ ഇദ്ദേഹം താമസിക്കുന്നത് ചോർന്നൊലിക്കുന്ന ഒരു വാടക വീട്ടിലാണെന്നത് ഏവർക്കും വിശ്വസിക്കാൻ പ്രയാസകരമായ ഒരു കാര്യമാണ്. സഹോദരിയുടെ വിവാഹത്തിന് വേണ്ടി കുടുംബസ്വത്തായി കിട്ടിയ വീട് വിറ്റ ശേഷം 50 വർഷത്തോളമായി മുൻമന്ത്രി ഈ വാടകവീട്ടിലാണ് താമസിക്കുന്നത്.
മുലായം സിങ്ങ് യാദവിന്റെ മന്ത്രിസഭയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരുന്നു ജമുനപ്രസാദ്. കാൺപൂരിൽ നിന്നും 125 കിലോമീറ്റിർ ദൂരം മാറി പൊട്ടിപൊളിഞ്ഞതും പെയിന്റ് ഇളകിയതുമായ ചുമരുകളുള്ള രണ്ടു മുറി വീടാണ് ഇദ്ദേഹത്തിന്റെ മന്ത്രി മന്ദിരം. എന്നാൽ അവിടെ എത്തുമ്പോൾ ഏതൊരു സന്ദർശകനെയും നിറചിരിയോടെ സ്വീകരിക്കുന്ന 92കാരനയ ബോസിനെയാണ് നാം കാണുന്നത്. സ്ഥാനമാനങ്ങൾ ഒഴിഞ്ഞെങ്കിലും നിരവധിപ്പേരാണ് നിവേദനങ്ങളും ഹർജികളുമായി ഈ വീട്ടുമുറ്റത്ത് എത്തുന്നത്. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കാണാൻ ബോസിന് സാധിക്കുമെന്ന് ജനങ്ങളുടെ വിശ്വാസമാണ് അതിന് കാരണം.
“കാഴ്ച്ചയ്ക്കും കേൾവിക്കും അൽപ്പം കുറവ് വന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുമായി വരുന്നവർക്കു മുമ്പിൽ കണ്ണും കാതുപൊത്തിയിരക്കാൻ തനിക്ക് ആകില്ലെന്നും, ജനങ്ങൾക്ക് എന്നിലുള്ള വിശ്വാസമാണ് പ്രായം ബാധിച്ചിട്ടും രാഷ്ട്രീയത്തിൽ തന്നെ നിലനിർത്തുന്നതെന്ന്” ജമുനപ്രസാദ് ബോസ് പറയുന്നു.
ലഭിക്കുന്ന പ്രതിമാസ പെൻഷനിൽ നിന്നും വീട്ടാവശ്യങ്ങളും വാടകയും കഴിഞ്ഞാൽ മിച്ചം വരുന്ന തുച്ഛമായ തുകകൊണ്ടാണ് ഈ 92കാരൻ ജീവിക്കുന്നത്. അതോടൊപ്പം സ്വന്തമായൊരു വീടിനെക്കുറിച്ച് ഇന്നുവരെ ബോസ് ചിന്തിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ബോസ്സിന്റെ ഭാര്യ മുമ്പ് തന്നെ മരിച്ചു. മൂന്ന് ആൺമക്കളും കുടുംബത്തോടൊപ്പം മാറി താമസിക്കുന്നു. “സ്വത്തും വീടുമൊക്കെ ഉണ്ടാക്കാത്തതിന്റെ പേരിൽ മക്കൾക്കും സുഹൃത്തുകൾക്കും ഭിന്നാഭിപ്രായമുണ്ടെങ്കിലും ഈ ലളിത ജീവിതത്തിൽ താൻ സന്തുഷ്ടനാണെന്ന്” ജമുനപ്രസാദ് ബോസ് പറഞ്ഞു. ബാന്ദയിലെ കിനിനാക്കാ ഗ്രാമത്തിെല മധ്യവർഗ കുടുബത്തിലാണ് ജമുന പ്രസാദ് ബോസ് ജനിച്ചത്. 1977, 1984 വർഷങ്ങളിലാണ് ബോസ് മന്ത്രിയായത്.
Post Your Comments