
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് അസാധുവാക്കിയ നടപടിക്ക് ശേഷം 18 ലക്ഷം ആളുകളുടെ അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് ആദായനികുതി വകുപ്പ്. ഈ അക്കൗണ്ടുകളിലൂടെയുള്ള പണമിടപടാ ദുരൂഹമാണെന്നും അഞ്ചുലക്ഷം രൂപയില്‍ കൂടുതലുള്ള തുക ഈ അക്കൗണ്ടുകളിലൂടെ ബാങ്കിലെത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. പാവപ്പെട്ടവരും നികുതി അടയ്ക്കാത്തവരുമായ ആളുകളുടെ അക്കൗണ്ടുകളില്‍ ദുരൂഹമായ സാഹചര്യത്തില്‍ പണം നിക്ഷേപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ ടാക്‌സ് (സിബിഡിടി) ചെയര്‍മാന്‍ സുശില്‍ ചന്ദ്ര പറഞ്ഞു. അഞ്ചു ലക്ഷം രൂപയില്‍ അധികം നിക്ഷേപം നടന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് പതിനെട്ട് ലക്ഷത്തോളം അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് കര്‍ശനമായി നിരീക്ഷിച്ചത്. ഈ ആക്കൗണ്ട് ഉടമകളോടു പണത്തിന്റെ ഉറവിടം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെന്നും 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയുമായി മുന്നോട്ടുപോകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഓപ്പറേഷന്‍ ക്ലീന്‍ മണി എന്ന പേരിലാണ് ആദായ നികുതി വകുപ്പ് അക്കൗണ്ട് പരിശോധന ആരംഭിച്ചത്. വരുമാനവുമായി ഒത്തുപോകാത്ത രീതിയില്‍ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും വിശദീകരണം നല്‍കാം. നവംബര്‍ എട്ടിന് ശേഷം അഞ്ചു ലക്ഷം രൂപയില്‍ അധികം പണം നിക്ഷേപിച്ചവരുടെയും മൂന്നു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയില്‍ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടുകളുമാണ് പരിശോധിച്ചത്.
Post Your Comments