തിരുവനന്തപുരം: ഡോ.ലക്ഷ്മിനായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുവെന്ന എസ്.എഫ്.ഐ പ്രഖ്യാപനത്തിനു പിന്നില്‍ വന്‍ഗൂഢാലോചന. ലോ അക്കാദമി മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത ഏക വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ മാത്രമായിരുന്നു. തങ്ങള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചുവെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെളിവായി മാനേജ്മെന്റില്‍നിന്നും എഴുതി വാങ്ങിയ രേഖ അവര്‍ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു. എന്നാല്‍ എസ്.എഫ്.ഐയെ മാത്രം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തു തീരുമാനം അവരിലൂടെ ആദ്യം പുറത്തുവിട്ട ലോ അക്കാദമി മാനേജ്മെന്റിന്റെ നീക്കങ്ങളില്‍ വന്‍ ദുരൂഹതയാണുള്ളത്.
നിലവില്‍ സമരം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവി ഒഴിയാതെ നിവര്‍ത്തിയില്ല എന്ന് മാനേജ്മെന്റിനു നന്നായി അറിയാം. സമരത്തിന്റെ ആദ്യഘട്ടങ്ങളിലൊന്നും ഇടപെടാതിരുന്ന സി.പി.എം അവസാന നിമിഷം ഇടപെട്ട് സമര പരിഹാരത്തിനു ശ്രമിച്ചത് മറ്റുമാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ്. ലോ അക്കാദമി മാനേജ്മെന്റിലുള്ളവരും സി.പി.എമ്മുമായി വളരെ ശക്തമായ ബന്ധമാണുള്ളത്. സി.പി.എം സംസ്ഥാന സമിതി അംഗമായ മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍നായര്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളാണ് ലോ അക്കാദമി മാനേജ്മെന്റിലുള്ളത്. ഈ സാഹചര്യത്തില്‍ ലോ അക്കാദമി സമരത്തിനു രമ്യമായ പരിഹാരം കണ്ടെത്തുക സി.പി.എമ്മിനും സര്‍ക്കാരിനും ഒരുപോലെ വെല്ലുവിളിയായിരുന്നു. എന്നാല്‍ ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ കഴിഞ്ഞ ദിവസം വരെ ഉറച്ചുനിന്ന എസ്.എഫ്.ഐ പെട്ടെന്ന് രാജി ആവശ്യത്തില്‍നിന്നും പിന്‍വലിഞ്ഞത് സി.പി.എമ്മിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രി സി.പി.എം സംസ്ഥാന നേതാക്കളും എസ്.എഫ്.ഐ നേതാക്കളും ലോ അക്കാദമി മാനേജ്മെന്റ് പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയത്.
ഉപാധികളോടെ ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നു മാറ്റിനിര്‍ത്താമെന്നു ലോ അക്കാദമി മാനേജ്മെന്റും സി.പി.എം സംസ്ഥാന നേതാക്കളും തീരുമാനമെടുത്ത് എസ്.എഫ്.ഐയെ അറിയിക്കുകയായിരുന്നു. എന്നാല്‍ സമരത്തിനു മുന്നിട്ടിറങ്ങുകയും ആവശ്യം നേടാതെ പിന്‍വലിയുകയും ചെയ്യുന്നത് സംഘടനക്കു ക്ഷീണമുണ്ടാക്കും എന്ന നിലപാടിലായിരുന്നു എസ്.എഫ്.ഐ നേതാക്കള്‍. ഇതിനെ തുടര്‍ന്നാണ് അഞ്ചുവര്‍ഷത്തേക്ക് അവരെ പദവിയില്‍നിന്നും മാറ്റിനിര്‍ത്താമെന്നും അധ്യാപികയായിപ്പോലും ലോ അക്കാദമിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും എസ്.എഫ്.ഐ നേതൃത്വത്തെ മാനേജ്മെന്റും സി.പി.എം നേതാക്കളും അറിയിച്ചത്. ഇതോടെ എസ്.എഫ്.ഐ നേതാക്കള്‍ക്കും ആശ്വാസമായി. അതേസമയം നിലവില്‍ നടത്തുന്ന സമരം എസ്.എഫ്.ഐ പിന്‍വലിക്കുന്നതോടെ സമരത്തിന്റെ ആവേശം കെട്ടടങ്ങുമെന്നും മറ്റുള്ള സംഘടനകളും ക്രമേണ സമരത്തില്‍നിന്നും പിന്‍വലിയുമെന്നും മാനേജ്മെന്റും സി.പി.എമ്മും കണക്കുകൂട്ടിയിട്ടുണ്ട്. സമരവീര്യം കെട്ടടങ്ങുന്നതിനു പിന്നാലെ തന്നെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിയമിക്കണമെന്നും ലോ അക്കാദമിയില്‍ ഫാക്കല്‍റ്റി ആകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ലക്ഷ്മിനായര്‍ ഹൈക്കോടതിയെ സമീപിക്കും.
ലക്ഷ്മിനായര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും അവരുടെ ആവശ്യത്തെ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് എതിര്‍ക്കില്ലെന്നും അതുവഴി അനുകൂല വിധി നേടാമെന്നും സി.പി.എം നേതൃത്വം ലോ അക്കാദമി മാനേജ്മെന്റിന് ഉറപ്പു നല്‍കിയിട്ടുണ്ട്. കോടതിവിധിയുടെ ആനുകൂല്യത്തില്‍ ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ എത്തിയാല്‍ അതിനെ വിദ്യാര്‍ഥി സംഘടനകള്‍ എതിര്‍ക്കില്ലെന്നാണ് സി.പി.എമ്മിന്റെയും ലോ അക്കാദമി മാനേജ്മെന്റിന്റെയും കണക്കുകൂട്ടല്‍. അതേസമയം ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍സ്ഥാനം രാജിവെച്ചാല്‍ ഇതേ ആവശ്യത്തിനു അവര്‍ക്കു കോടതിയെ സമീപിക്കാനാകില്ല. അതുകൊണ്ടാണ് അവരെ രാജിവെപ്പിക്കാതെ താത്കാലികമായി പുറത്തിരുത്താന്‍ തീരുമാനിച്ചത്.
ചുരുക്കത്തില്‍ എസ്.എഫ്.ഐ നേതാക്കളെ ബലിയാടാക്കി സി.പി.എമ്മും ലോ അക്കാദമി മാനേജ്മെന്റും നേടിയ വിജയമാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്ന ലക്ഷ്മിനായരുടെ അഞ്ചുവര്‍ത്തെ പുറത്താക്കല്‍. അഞ്ചുവര്‍ഷം പോയിട്ട് ഒരു വര്‍ഷംപോലും ലക്ഷ്മിനായര്‍ക്ക് ലോ അക്കാദമിയുടെ പുറത്ത് നില്‍ക്കേണ്ടി വരില്ല. താത്കാലിക താവളം എന്ന നിലയില്‍ ലക്ഷ്മിനായരെ സെക്രട്ടേറിയറ്റിന് സമീപമുള്ള ലോ അക്കാദമിയുടെ റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Post Your Comments