Kerala

വിദ്യാര്‍ഥി സമൂഹത്തെ ഒറ്റിക്കൊടുത്ത എസ്.എഫ്.ഐ മാപ്പുപറയണമെന്ന് ആവശ്യം

തിരുവനന്തപുരം: യാതൊരു നിയമ പിന്‍ബലവുമില്ലാതെ മാനേജ്മെന്റിലെ ചിലര്‍ നല്‍കിയ ഉറപ്പുവാങ്ങി ലോ അക്കാഡമിയിലെ സമരത്തെ സി.പി.എമ്മിന്റെ നിര്‍ദേശപ്രകാരം എസ്.എഫ്.ഐ. ഒറ്റിക്കൊടുക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആരോപിച്ചു.

ഇതിന് എസ്.എഫ്.ഐ. കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തോട് മറുപടി പറയണം. ലോ അക്കാഡമിക്കെതിരേ വിദ്യാര്‍ഥി സമൂഹം ഒറ്റക്കെട്ടായി നടത്തിവന്ന സമരത്തില്‍ ഒറ്റയ്ക്കിരുന്നു ചര്‍ച്ച നടത്തിയതിലൂടെ എസ്.എഫ്.ഐക്ക് ലഭിച്ച ഉറപ്പുകളില്‍ ദുരൂഹതയുണ്ട്. സമരം ആരംഭിച്ചപ്പോള്‍തന്നെ എസ്.എഫ്.ഐ. കൈക്കൊണ്ട നിലപാട് സംശയകരമായിരുന്നു. മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ തീരുമാനം എസ്.എഫ്.ഐ. അംഗീകരിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. തങ്ങളുടെ നേതാവിനും കുടുംബത്തിനും വേണ്ടി എസ്.എഫ്.ഐ. വിദ്യാര്‍ഥി സമൂഹത്തെയാകെ ഒറ്റിക്കൊടുത്തിരിക്കുകയാണെന്നും വി.മുരളീധരന്‍ വ്യക്തമാക്കി.

ലോ അക്കാഡമി പ്രിന്‍സിപ്പള്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തുമെന്ന് പറഞ്ഞശേഷം അക്കാദമി ട്രസ്റ്റിന്റെ മറ്റൊരു സ്ഥാപനത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലേക്കാണ് അവരെ നിയമിക്കാന്‍ പോകുന്നതെന്ന് അതിന്റെ ഡയറക്ടര്‍തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. യാതൊരു നടപടിക്രമവും പാലിക്കാതെ ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്നു നീക്കിയെന്നു പ്രഖ്യാപനം നടത്തിയത് അവര്‍ക്ക് കോടതി ഉത്തരവിലൂടെ തിരിച്ചുവരവിനുള്ള അവസരമൊരുക്കികൊടുക്കലാണ്. തീര്‍ത്തും അവസരവാദപരമായ നിലപാട് സ്വീകരിച്ചശേഷം സമരം വിജയമാണെന്നു പറഞ്ഞ് ആഹ്ലാദിക്കുന്ന എസ്.എഫ്.ഐയുടെ നിലപാട് പരിഹാസ്യമാണ്. വിദ്യാര്‍ഥികളുടേയും ജനങ്ങളുടേയും കണ്ണില്‍ പൊടിയിടാന്‍ എസ്.എഫ്.ഐ. നടത്തുന്ന ഈ നാടകം ജനം തിരിച്ചറിയുകതന്നെ ചെയ്യുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button