Kerala

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പറഞ്ഞ പിണറായിയുടെ ഓഫീസില്‍ ഫയലുകളുടെ കൂമ്പാരമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം നടത്തിയ പ്രസംഗങ്ങളില്‍ ഒന്നില്‍ പറഞ്ഞ വാചകം ഏറെ ശ്രദ്ധേയമായിരുന്നു. “ഓരോ ഫയലിലും ഓരോ ജീവിതമാണെന്നും അവ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും” ജീവനക്കാരെ ഉപദേശിച്ചാണ് ആ വാചകം. എന്നാല്‍ ഭരണം മുന്നോട്ടുപോകുന്തോറും കൂടുതല്‍ ഇഴയുകയാണെന്ന ആക്ഷേപം വര്‍ധിക്കുകയാണ്. ഈ ആക്ഷേപത്തിനു ആക്കം കൂട്ടിയാണ് സാക്ഷാല്‍ മുഖ്യമന്ത്രിയെ തന്നെ പ്രതിക്കൂട്ടിലാക്കി പുതിയൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാനത്തെ മന്ത്രിമാരുടെ ഓഫീസുകളില്‍വച്ച് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര, വിജിലന്‍സ് വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ഫയലുകളും. ഒരു ഫയല്‍ ഒരുമാസം വരെ കെട്ടിക്കിടന്നശേഷമാണ് തീര്‍പ്പുകല്‍പ്പിക്കുന്നത് എന്നാണ് ആക്ഷേപം. അതേസമയം ഫയലുകള്‍ വൈകുന്നത് ഭരണമാന്ദ്യമാണെന്ന ആക്ഷേപത്തിനു ആക്കം കൂട്ടുകയാണെന്നു പ്രതിപക്ഷവും ഭരണപക്ഷത്തെ ചില കക്ഷികളു ചൂണ്ടിക്കാട്ടുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച ഫയലുകളും റിപ്പബ്ലിക് ദിനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന രാഷ്ട്രപതിയുടെ മെഡലിനുള്ള പട്ടിക കേന്ദ്രത്തിന് കൈമാറുന്നതു സംബന്ധിച്ച ഫയലിലും കാലതാമസമുണ്ടായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുമായി സംസാരിക്കുന്നതിനു വകുപ്പ് സെക്രട്ടറിമാരായ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുപോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു തടസ്സം നില്‍ക്കുന്നുവെന്ന് ഐ.എ.എസ് അസോസിയേഷനു ആക്ഷേപമുണ്ട്. അതേസമയം മറ്റുമന്ത്രിമാരുടെ ഓഫീസിലും കാര്യങ്ങള്‍ അത്രപന്തിയല്ല. ഭൂരിഭാഗം മന്ത്രിമാരുടെയും പരിചയക്കുറവ് ഫയല്‍നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button