തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു ലക്ഷ്മി നായരെ താല്‍ക്കാലികമായി മാറ്റാമെന്ന മനേജ്‌മെന്റ് നിലപാട് വിദ്യാര്‍ഥി സംഘടനകള്‍ തള്ളി. വൈസ് പ്രിന്‍സിപ്പലിന് പകരം ചുമതല നല്‍കുമെന്നും ലക്ഷ്മി നായര്‍ അധ്യാപികയായി തുടരുമെന്നും ചര്‍ച്ചയില്‍ മാനേജ്‌മെന്റ് അറിയിച്ചെങ്കിലും അത് അംഗീകരിക്കാനും സംഘടനകള്‍ തയാറായില്ല. ലക്ഷ്മി നായര്‍ അധ്യാപികയായും തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. കേസില്‍ പ്രതിയായ ഒരാള്‍ അധ്യാപികയായി തുടരുന്നത് അംഗീകരിക്കില്ല. എത്രനാള്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് വ്യക്തമാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് കൃത്യമായ മറുപടി നല്‍കിയില്ല. ഒരു അക്കാദമിക് വര്‍ഷത്തേക്കു മാത്രം പ്രിന്‍സിപ്പലിനെ മാറ്റാമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. നേരത്തെ രാജി വയ്ക്കില്ലെന്ന നിലപാടില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഉറച്ചുനിന്നതോടെ മാനേജ്‌മെന്റും വിദ്യാര്‍ഥി പ്രതിനിധികളുമായുള്ള ആദ്യ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ദീര്‍ഘകാലം അവധിയെടുക്കാമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളിയതോടെയായിരുന്നു ഇത്. പ്രിന്‍സിപ്പലിന്റെ രാജിയല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കിടയില്‍ വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയതോടെ മാനേജ്‌മെന്റ് അവരെ വീണ്ടും ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു.
Post Your Comments