India

ജലത്തെ ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും

ന്യൂ ഡല്‍ഹി : ജലം ഭരണഘടന പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കേന്ദ്രം ഭരണഘടനയുടെ ഏഴാം പട്ടിക ഭേദഗതിചെയ്യാന്‍ നീക്കം തുടങ്ങിയതായാണ് സൂചന. പൊതു പട്ടികയിലെത്തുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമം പാസാക്കാമെങ്കിലും പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുക. അതിനാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിലനിര്‍ത്തിയായിരിക്കും ഭരണഘടനാ ഭേദഗതി നടപ്പക്കുക

കപ്പല്‍ ഗതാഗതം, ഉള്‍നാടന്‍ ജലപാത എന്നിവ ഉള്‍പ്പെടുന്ന 32-ാം ഇനത്തിന് ചുവടെ 32 എ’ ആയി മഴവെള്ള ശേഖരണം, ജലസംരക്ഷണം, ജലം കൈകാര്യം ചെയ്യല്‍, ഡേറ്റ ശേഖരണം തുടങ്ങിയവ ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഏഴാം പട്ടികയില്‍ കേന്ദ്രത്തിന് അധികാരപ്പെട്ട കേന്ദ്രപട്ടികയിലും (ലിസ്റ്റ് ഒന്ന് 56-ാം ഇനം) സംസ്ഥാനങ്ങള്‍ക്ക് അധികാരപ്പെട്ട സംസ്ഥാന ലിസ്റ്റിലും (ലിസ്റ്റ് രണ്ട് 17-ാം ഇനം) ആണ് ജലവും അനുബന്ധ കാര്യങ്ങളും ഉൾപ്പെട്ടിരിക്കുന്നത്. അവ നിലനിർത്തിയാകും സമാവര്‍ത്തി പട്ടികയില്‍ (ലിസ്റ്റ് മൂന്ന്) ജലം പ്രത്യേകമായി ചേര്‍ക്കുക.

മൂന്ന് ലിസ്റ്റുകളിലും ജലം ഉൾപ്പെട്ടാൽ വെള്ളവുമായി ബന്ധപ്പെട്ട് വെവ്വേറെ തലങ്ങളില്‍ നിയമനിര്‍മാണം നടത്താനാവുമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതോടൊപ്പം ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ക്കിടയിലുള്ള തര്‍ക്കവും ഭരണഘടനാ ഭേദഗതിയും തമ്മില്‍ ബന്ധമില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവിലെ മറ്റു സംവിധാനങ്ങളില്‍കൂടി തന്നെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്. പുതിയ ഭേദഗതി വന്നാൽ ഭാവിയില്‍ ഉണ്ടാവാനിടയുള്ള തര്‍ക്കങ്ങള്‍ക്ക് തടയിടാനും ജല ത്തിന്റെ ന്യായമായ വിതരണത്തിനും ഈ ഇടപെടലിലൂടെ സാധിക്കും.

പൊതുപട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉപരിതല, ഭൂഗര്‍ഭ ജലവുമായി ബന്ധപ്പെട്ട വിവര ശേഖരണം, ശാസ്ത്രീയ ജലസംരക്ഷണം, ഭൂഗര്‍ഭജല ലഭ്യത വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയ നടപടികള്‍, ജലത്തിന്റെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ മേഖലകളില്‍ കേന്ദ്രത്തിന് പിന്നീട് ഫലപ്രദമായ നിയമം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനു മുമ്പ് തന്നെ ജലം സംസ്ഥാന, കേന്ദ്ര പട്ടികകളില്‍നിന്ന് മാറ്റി പൊതുപട്ടികയിലാക്കണമെന്ന് പാര്‍ലമെന്റിന്റെ സ്ഥിരംസമിതികള്‍ ശുപാര്‍ശ ചെയ്തിരുന്നു. ഒട്ടെറെ സ്വകാര്യ ബില്ലുകളും അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ നിയമമന്ത്രാലയം അതിനോട് യോജിച്ചില്ല.

സംസ്ഥാന ലിസ്റ്റില്‍നിന്ന് വെള്ളം മാറ്റുന്നത് ശക്തമായ എതിര്‍പ്പിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. എന്നിരുന്നാലും ഭേദഗതി നടപ്പാക്കുക എന്ന ഉദ്ദേശം മുന്നിൽ കണ്ട് ഭരണഘടനാ ഭേദഗതി ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങളുടെ അഭിപ്രായത്തിനായി കേന്ദ്രം അയച്ചുകൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button