ഇന്ത്യൻ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രിയുടെ നിർദേശം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ടു യുവാക്കള്‍ക്കാണ് ഖത്തറില്‍ തൊഴിലുടമയില്‍ നിന്നും പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവുമായി ബന്ധപ്പെട്ട് പൂനെയിലെ റിക്രൂട്ടിങ് ഏജന്റിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി പ്രൊട്ടക്റ്റന്റ് ജനറല്‍ ഓഫ് ഇമിഗ്രന്‍റ്സ് എം.സി ലുഥറിന് കുറ്റക്കാരനായ ഏജന്റിനെ വിചാരണ ചെയ്യാനും, തൊഴിലുടമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയോടും സുഷമാ സ്വരാജ് ആവശ്യപ്പെട്ടു.
പൂനെയിലെ സ്വകാര്യ ഏജന്‍സി വഴി ഉത്തര്‍ പ്രദേശുകാരായ പര്‍വേസ് അഹമ്മദ്, മുഹമ്മദ് അക്രം എന്നിവര്‍ നാല് മാസം മുമ്പ് ഡ്രൈവര്‍ വിസയില്‍ ഖത്തറിലെത്തി. പ്രതിഫലമായി വലിയൊരു തുകയും ഇവരിൽ നിന്ന് ഏജൻറ് ഈടാക്കിയിരുന്നു. എന്നാൽ ദോഹയിലെത്തിയ ഇവരെ 100 കിലോമീറ്റര്‍ അകലെയുള്ള സൗദി അതിര്‍ത്തിയിലെ ഒട്ടക ഫാമിലേക്കാണ് ജോലിക്കയച്ചത്. തൊഴിലുടമയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ തൊഴിലാളികള്‍ വീഡിയോ സന്ദേശമായി സുഹൃത്തുക്കള്‍ക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അടിവസ്‌ത്രം മാത്രം ധരിപ്പിച്ചു ചാട്ടവാര്‍ കൊണ്ട് തൊഴിലുടമ ഇവരെ മര്‍ദ്ദിച്ചതായാണ് പരാതി.
ഖത്തറിലെ തങ്ങളുടെ സ്‌പോണ്‍സറുടെ പേര് സദാ സലാ അല്‍ മാറി എന്നും,പുണെയിലെ ഏജന്റിന്റെ പേര് മുഹമ്മദ് ഷഫീക് ഖാന്‍ ആണെന്നും വീഡിയോ ദൃശ്യത്തില്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശീയ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ കേന്ദ്ര മന്ത്രി സുഷമാ സ്വരാജ് തൊഴിലാളികളുടെ പ്രശ്നത്തില്‍ നേരിട്ട് ഇടപെട്ടു. “വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും” സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
സംഭവുമായി ബന്ധപെട്ട് എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് സംബന്ധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്തു വരികയാണെന്ന് ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പു വരുത്താന്‍ ഖത്തര്‍ ഭരണകൂടം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. എന്നാൽ ഇന്ത്യയിലെ ചില അനധികൃത ഏജന്‍റുമാര്‍ വഴിയുള്ള ഇത്തരം മനുഷ്യക്കടത്ത് തടയുന്നതില്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ നാം മനസിലാക്കേണ്ടത്.
Post Your Comments