തിരുവനന്തപുരം : ദേശീയ പതാകയെ അപമാനിച്ച് വാട്ട്സ് ആപ്പ് പോസ്‌റ്റ് യുവാവ് അറസ്റ്റിൽ. ഇന്ത്യൻ ദേശീയപതാക പട്ടിയെ പുതപ്പിച്ച നിലയിലുള്ള ചിത്രവും ഇന്ത്യാ വിരുദ്ധ സന്ദേശങ്ങളും വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ച മീററ്റ് സ്വദേശി റഖീബാണ് (22) ഫോർട്ട് എസ്.ഐ ഷാജിമോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. പാകിസ്ഥാനിൽ നിന്നുള്ള ഇന്ത്യാവിരുദ്ധ സന്ദേശങ്ങൾ ഷെയർ ചെയ്യുന്ന ഡോസ്റ്റി ഗ്രൂപ്പിലംഗമാണ് ഇയാൾ.
ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്ന് വന്ന അന്വേഷണത്തിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ റഖീബിന്റ ഗ്രൂപ്പിലുള്ള ഒരാൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് റഖീബുൾപ്പെട്ട സംഘത്തെ പോലീസ് പിടികൂടിയത്. റഖീബിന്റെ കൂട്ടത്തിൽപ്പെട്ട യുവാവിൽ നിന്നും പൊലീസുകാരന്റെ നഷ്ടപ്പെട്ടഫോണും കണ്ടെത്തിയിട്ടുണ്ട്.
സംഘത്തിലെ ഓരോരുത്തരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോഴാണ് റഖീബിന്റെ ഫോണിൽ ഡോസ്റ്റി ഗ്രൂപ്പെന്ന വാട്ട്സ് ആപ് ഗ്രൂപ്പിൽ അറബിലും ഹിന്ദിയിലുമായി സന്ദേശങ്ങളും ദേശീയതയെ അപമാനിക്കുന്ന ചിത്രങ്ങളും കണ്ടെത്തിയത്. യു.പി സ്വദേശിയായ ഒരു യുവാവാണ് ഗ്രൂപ്പിന്റെ അഡ്മിൻ. ഗ്രൂപ്പ് മെമ്പറൻമാരിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തമാക്കും വിധത്തിലുളള സന്ദേശങ്ങളാണുള്ളത്.ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച പോസ്റ്റിനൊപ്പം പാകിസ്ഥാൻ പതാക സിംഹത്തെ അണിയിച്ച് പാകിസ്ഥാനെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ആറുമാസമായി മണക്കാട് കേന്ദ്രീകരിച്ച് തുണിക്കച്ചവടം നടത്തിവരികയാണ് ഇയാൾ. മൊബൈൽ ഫോൺ സൈബർ പൊലീസ് സഹായത്തോടെ വിശദമായി പരിശോധന നടത്തിവരുന്നു. ജില്ലാ , സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് വിഭാഗങ്ങളും റോയും പിടിയിലായ യുവാവിനെ ചോദ്യം ചെയ്യും.
Post Your Comments