
ന്യൂഡൽഹി: 136 വര്‍ഷം പഴക്കമുള്ള കോലാറിലെ സ്വര്‍ണഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. പതിനഞ്ച് വർഷം മുമ്പ് പൂട്ടിയ കർണ്ണാടകയിലെ കോളാർ സ്വർണ്ണഖനിയാണ് വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനമായ മിനറൽ എക്സ്പ്ലൊറേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഖനനത്തിന് മുന്നോടിയായുള്ള പ്രാരംഭ പ്രവ ർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ബ്രീട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച ഖനികളിൽ ആയിരക്കണക്കിന് കോടി രൂപയുടെ സ്വര്‍ണ ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. പക്ഷെ പ്രവര്‍ത്തന നഷ്ടം ഏറിയതോടെ 2001 മാര്‍ച്ച് 31 നാണ് ഭാരത് ഗോള്‍ഡ് മൈന്‍സ് എന്ന പൊതുമേഖലാ ഖനന കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഖനിയുടെ നടത്തിപ്പ് ചുമതലയുളള ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ കടബാധ്യതകൾ തീർപ്പാക്കുന്നതിനായി ഇൻവെസ്റ്റ്മെന്റ് ബാങ്കായ എസ്.ബി.ഐ ക്യാപിറ്റലിനെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിനറൽ എക്സ്പ്ലോറേഷൻ കോർപ്പറേഷന്റെ ആദ്യ കണക്കുകൾ പ്രകാരം 8000 കോടിയോളം രൂപയുടെ സ്വർണ്ണ നിക്ഷേപം ഉണ്ടെന്നായിരുന്നു നിഗമനം. എന്നാൽ നേരത്തെ ഖനനം ചെയ്തതിന്റെ അവശിഷ്ടങ്ങളിൽ നിന്നും ആറായിരം കോടി രൂപയുടെ സ്വർണ്ണം കൂടി വേർതിരിച്ചെടുക്കാൻ കഴിയുമെന്ന്, പിന്നീട് നടന്ന പഠനങ്ങളിൽ വ്യക്തമായതോടെ ഖനി വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന കോലാര്‍ ഖനി ലോകത്തിലെ ഏറ്റവും ആഴമുള്ള രണ്ടാമത്തെ സ്വര്‍ണ ഖനിയാണ്. 1880 ല്‍ ജോണ്‍ ടെയ്‌ലര്‍ ആന്‍ഡ് സണ്‍സ് എന്ന ബ്രിട്ടീഷ് കമ്പനിയാണ് കോലാറില്‍ സ്വര്‍ണ ഖനനം ആരംഭിച്ചത്. സ്വാതന്ത്രത്തിന് ശേഷം ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലായി.
കഴിഞ്ഞ 15 വര്‍ഷമായി കര്‍ണാടക, കേന്ദ്ര സര്‍ക്കാരുകള്‍ ഖനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു.ഖനിയുടെ ഉടമസ്ഥത കേന്ദ്ര സര്‍ക്കാരിനാണെങ്കിലും ഖനന ലൈസന്‍സ് നല്‍കാനുള്ള അധികാരം സംസ്ഥാനത്തിനായിരുന്നു. ഇത് ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചു. 2013 ല്‍ ഭാരത് ഗോള്‍ഡ് മൈന്‍സിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചു. ഇതോടെയാണ് ഖനി വീണ്ടും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
നിലവിൽ സ്വർണ്ണത്തിന്റെ ഇറക്കുമതിയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഒരു വര്‍ഷം 900 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ആഭ്യന്തര ഉത്പാദനം വെറും രണ്ടു മുതല്‍ മൂന്നു ശതമാനം മാത്രമാണ്. കോളാർ സ്വർണ്ണ ഖനി വീണ്ടും തുറക്കുന്നത്, രാജ്യത്തിന്റെ ഇറക്കുമതി ചെലവിൽ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments