കൂട്ടുകാരിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കള്ളന്‍മാരെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി താരമായിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള ഹോക്കി താരം റിതു ഭൊരയ്യ. വെസ്റ്റ് ഡല്‍ഹിയിലെ പഞ്ചാബി ബാഗില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്. തന്റെ രണ്ട് കൂട്ടുകാരികളോടൊപ്പം പീരഗഡിലേക്കുള്ള ബസ് യാത്രക്കിടെയാണ് റിതുവിന്റെ കൂട്ടുകാരിക്ക് ഫോണ്‍ നഷ്ടപ്പെട്ടത്.
”ബസ് മന്ദിപൂരിലെത്താറയപ്പോള്‍ ഞാന്‍ ടിക്കറ്റെടുക്കുന്ന തിരക്കിലായിരുന്നു. അപ്പോള്‍ മന്ദിപൂരിലെ സ്റ്റോപ്പില്‍ രണ്ടുപേര്‍ ഇറങ്ങുകയും ചെയ്തു. ടിക്കെറ്റെടുത്ത് തിരിച്ച് കൂട്ടുകാരിയുടെ അടുത്തെത്തിയപ്പോഴാണ് അവള്‍ മൊബൈല്‍ ഫോണ്‍ കാണാതായ കാര്യം പറഞ്ഞത്. മന്ദിപൂരിലിറങ്ങിയ ആളുകളെ സംശയമുണ്ടെന്നും അവള്‍ പറഞ്ഞു. അപ്പോഴേക്കും ബസ് കുറച്ചു ദൂരം പിന്നിട്ടിരുന്നു. പിന്നീട് ബസ് നിര്‍ത്തിച്ച് ഞങ്ങള്‍ തിരിച്ചു നടക്കുകയായിരുന്നു. മന്ദിപൂര്‍ സ്റ്റോപ്പിലെത്തിയപ്പോള്‍ ബസിലുണ്ടായിരുന്ന രണ്ടു പേരെ ഞങ്ങള്‍ കണ്ടു. അവര്‍ റോഡിന്റെ മറുവശത്തായിരുന്നു. എന്നെ കണ്ടയുടനെ ഒരാള്‍ ഓടി. പക്ഷേ മറ്റെയാളെ ഞാന്‍ പിടികൂടി ഇടിച്ചിട്ടു. തുടര്‍ന്ന് പോലീസിന്റെ സഹായം തേടുകയായിരുന്നു” റിതു സംഭവം വിവരിച്ചു.
ആ പ്രദേശത്തെയും ബക്കറിലെയും പ്രധാന പിടിച്ചു പറിക്കാരനായ ധല്‍ചന്ദാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്നും ധല്‍ചന്ദിനെ കഴിഞ്ഞ മെയില്‍ ഒരു പിടിച്ചു പറിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ദേശീയ താരമായ റിതു ഹരിയാനക്കു വേണ്ടിയും ഡല്‍ഹിക്ക് വേണ്ടിയും ദേശീയ ടൂര്‍ണമെന്റുകളില്‍ മത്സരിച്ചിട്ടുണ്ട്.
Post Your Comments