KeralaNews

ലക്ഷ്മി നായരെ സംരക്ഷിച്ച് സി.പി.എം: പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്.എഫ്.ഐക്ക് പാര്‍ട്ടി നിര്‍ദേശം

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്.എഫ്.ഐക്ക് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ നിർദേശം. കഴിഞ്ഞ ദിവസം രാത്രി വിദ്യാര്‍ഥി നേതാക്കളെ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്.കൂടാതെ പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യമൊഴിച്ചുള്ള മറ്റെല്ലാ ആവശ്യങ്ങളും പരിഹരിക്കാമെന്നും സിപിഎം നേതൃത്വം എസ്എഫ്‌ഐക്ക് ഉറപ്പ് നല്‍കിയതായാണ് വിവരം.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകളാണ് ലക്ഷ്മി നായര്‍. ഇതാണ് സമരത്തില്‍ നിന്ന്‌ പിന്മാറാന്‍ എസ്എഫ്‌ഐയോട് സി.പി.എം ആവശ്യപ്പെട്ടതിന് പിന്നിലെന്നാണ് സൂചന. പ്രിന്‍സിപ്പല്‍ രാജിവെക്കില്ലെന്ന് സിപിഎം നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വിദ്യാര്‍ഥി നേതാക്കളെ അറിയിക്കുക മാത്രമാണ് ജില്ലാ നേതൃത്വം ചെയ്‌തെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രഥിന്‍ സാഥ് കൃഷ്ണ അറിയിച്ചു.എന്നാല്‍ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് അഭിപ്രായപ്പെടുകയുണ്ടായി. അതേസമയം പ്രിന്‍സിപ്പലിനെ രാജിവെപ്പിക്കുകയല്ല, പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ദേവ് കൃഷ്ണൻ പറയുകയുണ്ടായി.

shortlink

Post Your Comments


Back to top button