ലഖ്‌നൗ: ഉത്തർപ്രദേശ് പിടിച്ചെടുക്കുന്നതിന് പുതിയ സാങ്കേതിക മാർഗങ്ങളുമായി പ്രചരണം കൊഴുപ്പിക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈടെക് ആക്കിയിരിക്കുകയാണ്. പാര്‍ട്ടി ഓഫീസ് ഐ.ടി. കമ്പനികളുടേതിന് സമാനമായ സംവിധാനങ്ങളോടെ സജ്ജമാക്കിയിരിക്കുകയാണ്. നാല് മുറികളിലായി 40-ഓളം കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും വീഡിയോ കോണ്‍ഫറന്‍സിങ് മുറിയും കോള്‍സെന്ററുമൊക്കെ സജ്ജമാക്കിയാണ് ബി.ജെ.പി. പ്രചാരണം ഹൈടെക് ആക്കിയത്.
മൂന്നരക്കോടി യുവവോട്ടര്‍മാരിലേക്ക് പാര്‍ട്ടിയുടെ സൈബര്‍ പ്രചാരണമെത്തിക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഐ.ഐ.ടി.യില്‍നിന്ന് പഠിച്ചിറങ്ങിയ രാകേഷ് പാണ്ഡെയ്ക്കാണ് സാങ്കേതികവിഭാഗം മുഖ്യചുമതല. ആറ് മേഖലകളായി തിരിച്ച് പ്രത്യേക സൈബര്‍ യൂണിറ്റുകളായാണ് പ്രവര്‍ത്തനം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ഓരോ ജില്ലാ ആസ്ഥാനത്തും പ്രത്യേക മീഡിയ സെല്ലുകളുണ്ട്. ദിനംപ്രതി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയവിനിമയവും സാധ്യമാക്കുന്നുണ്ട്. ഗ്രാമങ്ങളിലേക്ക് ജില്ലാസെല്ലില്‍നിന്ന് പ്രവര്‍ത്തകരെ എത്തിക്കും. പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ പ്രവര്‍ത്തകരെയും ഐ.ടി. വിദ്യാര്‍ഥികളെയും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിലുള്‍പ്പെടെ വലിയ എല്‍.സി.ഡി. സ്‌ക്രീന്‍ ടിവികള്‍ സന്ദേശവാഹനങ്ങളില്‍ സജ്ജമാക്കി ഓരോ മേഖലയിലുമെത്തും. കൂടാതെ സംസ്ഥാനത്ത് 21 പാര്‍ട്ടി ഓഫീസുകളില്‍ പ്രത്യേക കോള്‍സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം ആയിരക്കണക്കിന് വാട്‌സാപ് ഗ്രൂപ്പുകളും പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
Post Your Comments