Kerala

ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഇഹെൽത്ത് പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ ഇഹെൽത്ത് (ജീവൻ രേഖ ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആരോഗ്യമേഖലയിലെ വളർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം പേരൂർക്കട ഗവ. ജില്ലാ മോഡല്‍ ആശുപത്രിയില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും.

സർക്കാർമേഖലയിലുള്ള അലോപ്പതി ചികിത്സാകേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടർവൽകരിക്കാനും പൊതുജനാരോഗ്യകേന്ദ്രങ്ങളെ കേന്ദ്രീകൃത കംപ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇഹെൽത്ത്. വീടുവീടാന്തരം ശേഖരിക്കുന്ന വിവരങ്ങളും ചികിത്സ തേടിയെത്തുന്നവരുടെ വിവരങ്ങളും ഡിജിറ്റലായി ശേഖരിക്കും. 96.12 കോടി ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം ജില്ലയിലായിരിക്കും നടപ്പാക്കുക. തുടർന്ന് ആലപ്പുഴ, കാസര്‍കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ഏഴു ജില്ലകളിലും ആദ്യഘട്ടം എന്ന നിലയിൽ പദ്ധതി നടപ്പാക്കും.

പദ്ധതി നടപ്പാക്കുക വഴി ഓരോ പൗരന്റെയും ചികിത്സാരേഖകള്‍ കേന്ദ്രീകൃത ഡാറ്റാബേസില്‍ ലഭ്യമാക്കും. ഇതിലൂടെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ തടസ്സമില്ലാതെ തുടര്‍ ചികിത്സ ഉറപ്പാക്കാനാകും. ഒപി, ലബോറട്ടറി, ഫാര്‍മസി, എക്‌സ്‌റേ എന്നിവിടങ്ങളിലെ തിരക്കും കാലതാമസവും ഇത് മൂലം ഇല്ലാതാകും. ആരോഗ്യവിവരങ്ങള്‍, ആശുപത്രികളെയും ഓരോ സ്ഥലത്തെയും പ്രത്യേക ചികിത്സകളെയും സംബന്ധിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ അപോയ്ന്റ്‌മെന്റ് തുടങ്ങിയവ പുതുതായി തുടങ്ങുന്ന വെബ്‌പോര്‍ട്ടല്‍ വഴി ലഭ്യമാകും.

വൈദ്യശാസ്ത്ര ഗവേഷണം, ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, ആരോഗ്യസംരക്ഷണ നയപരിപാടികളുടെ രൂപീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ മേഖലകളിലെ വളർച്ചക്ക് പദ്ധതി സഹായകമാകുമെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button