പത്തനംതിട്ട: മദ്യലഹരിയില്‍ ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ച് അപമാനിച്ചതിന് കസ്റ്റഡിയിലായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ പൊലീസിനു മേല്‍ സി.പി.എം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ സമ്മര്‍ദം. അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരുന്ന പൊലീസ് പ്രതിയെ പോക്സോ ചുമത്തി റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. സ്കൂള്‍ വിട്ട് സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങാന്‍ ബസ്സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി.
ഈ സമയത്താണ് മദ്യപിച്ചു ലക്കു കെട്ട് ടൗണ്‍ ജുമാ മസ്ജിദിനു സമീപം പള്ളിപ്പടിഞ്ഞാറ്റേതില്‍ ഷാഹുല്‍ ഹമീദിന്റെ മകന് അമീര്ഖാന് (32) അവിടേക്കു ചെന്നത്.
ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും അശ്ലീലം പുലമ്പുകയുമായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരിമാരെ ആക്രമിക്കാനും മുതിര്‍ന്നു. ഇതു കണ്ടു ഭയന്ന മറ്റു യാത്രക്കാരൊന്നും അമീറിന് അടുത്തേക്ക് അടുത്തില്ല. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
സി.ഐ എ.എസ് സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റിയംഗം കൂടിയായ അമീര്‍ പാര്‍ട്ടിയുടെ ഗുണ്ടയായിട്ടാണ് അറിയപ്പെടുന്നത്. ഇയാള്‍ മുമ്പും സമാനരീതിയില്‍ പെണ്‍കുട്ടികളെ ആക്രമിച്ചിട്ടുണ്ട്. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല. പൊലീസുകാരെ തല്ലിയതിന് ഒന്നിലധികം കേസ് ഇയാള്‍ക്കുണ്ട്.
പാര്‍ട്ടിയുടെ ഹര്‍ത്താല്‍ വിജയിപ്പിക്കാനും പ്രകടനത്തിനും മുന്‍നിരയിലുള്ള ഇയാള്‍ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുള്ളതായി പൊലീസ് പറയുന്നു. അമീറിനെ കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ സ്റ്റേഷനിലേക്ക് നേതാക്കളുടെ വിളിയായി. ചിലര്‍ നേരിട്ടുമെത്തി. എന്നാല്‍, പൊലീസ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. ഉടന്‍ തന്നെ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോക്സോ അടക്കം ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.
Post Your Comments