NewsIndia

ഇന്ത്യ-യു.എസ് ബന്ധത്തിന് പുതിയ വഴിത്തിരിവായി ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രിയുടെ ‘സ്വീറ്റ് ട്വീറ്റ് ‘

ന്യൂഡല്‍ഹി : ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ അമേരിക്കയിലേയ്ക്കാണ്. യു.എസിന്റെ 45-ാമതു പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് സ്ഥാനമേറ്റതിനു പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചുള്ള ലോകനേതാക്കളുടെ ട്വീറ്റും വന്നുതുടങ്ങി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന് ആശംസയര്‍പ്പിച്ച് അയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ്. ഇന്ത്യ – യുഎസ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ സര്‍വ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും താങ്കള്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നായിരുന്നു മോദിയുടെ ട്വീറ്റ്.

യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണാള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളില്‍ യു.എസിനെ വലിയ നേട്ടങ്ങളിലേക്കു നയിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു – മോദി ട്വീറ്റ് ചെയ്തു. ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആശംസയെത്തിയത്.

ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനും ട്രംപിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും മറ്റൊരു ട്വിറ്റര്‍ സന്ദേശത്തില്‍ മോദി വ്യക്തമാക്കി. പൊതുവായ താല്‍പര്യങ്ങളുടെയും മൂല്യങ്ങളുടെയും പങ്കുവയ്പിലാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ കെട്ടുറപ്പെന്നും മോദി ചൂണ്ടിക്കാട്ടി.

സ്ഥാനമൊഴിഞ്ഞ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും മോദിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. 25 മാസത്തിനിടെ ഒന്‍പത് തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മാത്രമല്ല, ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ഒബാമ പങ്കെടുക്കുകയും ചെയ്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായിരുന്നു.

shortlink

Post Your Comments


Back to top button