NewsIndia

തീവ്രവാദ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ഇന്ത്യയുടെ പുതിയ സാങ്കേതിക വിദ്യ

ബെംഗളൂരു: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ തീവ്രവാദികള്‍ തുരങ്കങ്ങളുണ്ടാക്കി നുഴഞ്ഞുകയറുന്നത് കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു. ആഭ്യന്തര സുരക്ഷയ്ക്കായുള്ള സാങ്കേതിക വിഭാഗമായ എന്‍.സി.ഇ.ടി.ഐ.ഇ.എസിന്റെയും ഐ.ഐ.ടികളുടെയും സഹകരണത്തോടെയാണ് പ്രത്യേക റഡാര്‍ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ (ജി.പി.ആര്‍) എന്നാണ് ഇതിന്റെ പേര്. ജി.പിആര്‍ ഉപയോഗിച്ച് തുരങ്കങ്ങളും മണ്ണില്‍ കുഴിച്ചിട്ടിരിക്കുന്ന കുഴിബോംബുകളും കണ്ടെത്താന്‍ കഴിയും.

പഠാന്‍കോട്ട് ആക്രമണത്തിനുശേഷം അന്താരാഷ്ട്ര അതിര്‍ത്തിക്ക് 340 മീറ്റര്‍ ഉള്ളിലായി ഇന്ത്യന്‍ സൈന്യം വായുസഞ്ചാരമുള്ള വന്‍ തുരങ്കം കണ്ടെത്തിയിരുന്നു. സാംബ മേഖലയിലുള്ള ഈ തുരങ്കത്തില്‍ നിന്നും പഠാന്‍കോട്ട് സൈനിക താവളത്തിലേക്ക് 58 കിലോമീറ്റര്‍ മാത്രമായിരുന്നു അകലം.

2001നും 2016നും ഇടയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഏകദേശം ഏട്ടോളം തുരങ്കങ്ങളാണ് സൈന്യം കണ്ടെത്തിയത്. മയക്കുമരുന്നു കടത്തിനും, നുഴഞ്ഞുകയറ്റത്തിനുമാണ് ഈ തുരങ്കങ്ങള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്

നുഴഞ്ഞുകയറ്റം വ്യാപിച്ചതോടെ പഠാന്‍കോട്ട്, ഉറി പോലുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയായി. ഈ സാഹചര്യത്തിലാണ് സൈന്യം തുരങ്കം കണ്ടെത്താന്‍ സാങ്കേതികവിദ്യയുടെ സഹായം തേടാന്‍ തീരുമാനിച്ചത്.

ഇതോടൊപ്പം വെടിവെയ്പ് നിരീക്ഷിക്കാനും സംവിധാനമായി. വെടിവെയ്പ് നിരീക്ഷിക്കാനുള്ള മറ്റൊരു സാങ്കേതികവിദ്യയും ബി.എസ്.എഫിന്റെ പരീക്ഷണത്തിലാണ്. ശത്രുക്കള്‍ നിറയൊഴിച്ച് തൊട്ടടുത്ത സെക്കന്റില്‍ ഇതിന്റെ സഹായത്തോടെ 300 മുതല്‍ 1200 മീറ്റര്‍ വരെ പരിധിയില്‍ മുന്നറിയിപ്പ് ലഭിക്കും. ഒരു നിശ്ചിതസ്ഥലത്ത് സ്ഥാപിക്കുന്നത്, വാഹനത്തില്‍ സ്ഥാപിക്കുന്നത്, ആയുധങ്ങളില്‍ ഘടിപ്പിക്കുന്നത് എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഉപകരണമാണ് വെടിവെയ്പ് നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്നത്.

shortlink

Post Your Comments


Back to top button