East Coast SpecialIndia

പിറന്ന നാട്ടിൽ അഭയാർത്ഥികളായ കാശ്മീരി പണ്ഡിറ്റുകൾ- സ്പെഷ്യൽ സ്റ്റോറി

കാശ്മീരില്‍ നിന്ന്‌ എല്ലാം നഷ്ടപ്പെട്ട്‌ അഭയാര്‍ത്ഥികളായി കഴിയുന്ന പണ്ഡിറ്റുകളെക്കുറിച്ച്‌ പലരും വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചെങ്കിലും ഇതേവരെ അവർക്കായി ഒന്നും ആരും ചെയ്തിട്ടില്ലെന്നാണ് യാഥാർഥ്യം. കശ്മീരിന്റെ യഥാർത്ഥ അവകാശികളാണ് അവർ. ഒരു സുപ്രഭാതത്തിൽ ഗതികേട് കൊണ്ട് എല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് പലായനം ചെയ്തവർ.വിഘടനവാദം കാശ്മീരില്‍ 1990-കളില്‍ ശക്തിപ്രാപിക്കുമ്പോള്‍ അതിര്‍ത്തികള്‍ കടന്ന് വന്ന മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഇതായിരുന്നു ഞങ്ങൾക്ക് പണ്ഡിറ്റിനെ വേണ്ട അവരുടെ ഭാര്യയെ മതി, കാശ്മീർ ഞങ്ങൾ പാകിസ്ഥാൻ ആക്കും, ഈ പോസ്റ്ററുകൾ പലരുടെയും തലച്ചോറിൽ ഉണ്ടാക്കിയത് തീവ്ര വർഗീയതയായിരുന്നു.

അതിന്റെ പരിണിത ഫലം ഏകദേശം നാലു ലക്ഷം കാശ്മീരി പണ്ഡിറ്റുകള്‍ കാശ്മീരില്‍നിന്ന് അപ്രത്യക്ഷരായി എന്നതാണ്.വിഭജനാനന്തരമുള്ള ഇന്ത്യന്‍ പാഠങ്ങളുടെ വില മനസ്സിലാക്കിയ കോണ്‍ഗ്രസിനും,പണ്ഡിറ്റുകളോട്‌ കൂറ്‌ പ്രഖ്യാപിക്കുന്ന ബിജെപിക്കും എന്തിന് കാശ്മീരുമായി ബന്ധപ്പെട്ട ഏതിനെയും കുറിച്ച്‌ വാചാലരാവുന്ന നഷണല്‍ കോണ്‍ഫറന്‍സിന് പോലും ഇവർക്ക് വേണ്ടി ഒന്നും ചെയ്യാനോ ഈ വിഷയത്തിൽ നടപടിയെടുക്കാനോ കഴിഞ്ഞില്ല.സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്ന പണ്ഡിറ്റുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരികളില്‍, ജീവിതം എന്നത്‌, മിക്കവാറും രണ്ടടിയില്‍ ഒതുങ്ങുന്ന ഒന്നാണ്‌. ഇടുങ്ങിയ ഒറ്റമുറി ആസ്ബറ്റോസിന്റെ നാല് ചുവരിനുള്ളിൽ തളച്ചിട്ട ജീവിതങ്ങൾ. ദൈന്യതയാർന്ന മുഖങ്ങളിൽ പ്രതീക്ഷ വറ്റാത്ത കണ്ണുകൾ. ഇതൊക്കെയാണ് അവരുടെയടുത്ത് വോട്ടു ചോദിച്ചു ചെല്ലുന്നവർക്ക് കാണാനാവുന്നത്.

രാവിലെയായാല്‍ വയസ്സായ പുരുഷന്മാരും സ്ത്രീകളും, കയ്യില്‍ ഒരു വിശറിയുമായി വഴിവക്കില്‍ വന്നിരുന്ന്, ആളുകളെയും കടന്നുപോകുന്ന വാഹനങ്ങളെയും നോക്കി സമയം പോക്കും. മരിക്കാന്‍ പോകുന്നവരുടെ നിസ്സംഗഭാവത്തോടെ, ഉച്ചക്ക്‌ ഊണ്‌ കാലമാവുന്നതുവരെ അവര്‍ ആ വഴിവക്കില്‍ കഴിയും.പലർക്കും ഞായറാഴ്ചകൾ വരുമ്പോൾ ഭയമാണ്. കാരണം എല്ലാവരും വീട്ടിൽ ഉണ്ടാവും. കുടുസുമുറികളിൽ ഇരിക്കാൻ പോലും സ്ഥലമില്ലാത്തതിന്റെ ബുദ്ധിമുട്ട്.താമസിക്കാന്‍ ഒരു ചെറിയ കൂരയുള്ളതുകൊണ്ട്‌ മഴയും വെയിലും കൊള്ളാതെ കഴിയാം.ശ്രീനഗര്‍ എന്ന ശൈത്യനഗരത്തിനെ മാത്രം കണ്ട്‌ പരിചയിച്ചവരായിരുന്നു കാശ്മീരിലെ പണ്ഡിറ്റുകള്‍. ചൂടും പൊടിയും നിറഞ്ഞ പേടിപ്പിക്കുന്ന തീര്‍ത്തും അപരിചിതമായ ലോകമായിരുന്നു അവര്‍ക്ക്‌ ജമ്മു.

പല പണ്ഡിറ്റുകളും സര്‍പ്പദംശനമേറ്റു മരിച്ചു. വേറെ ചിലര്‍ സൂര്യാഘാതമേറ്റു. ചൂടില്‍നിന്നും മഴയില്‍നിന്നും രക്ഷപ്പെടാം എന്നതൊഴിച്ച്‌ മറ്റൊരു ഗുണവുമില്ലാത്ത, തീര്‍ത്തും ശോചനീയമായ ക്യാമ്പുകള്‍.ചില മുറികളില്‍ പത്തുപേര്‍ വരെ താമസിച്ചിരുന്നു.ഓരോ കുടുംബത്തിനും പ്രതിമാസം 4000 രൂപയും, ഒമ്പത്‌ കിലോ അരിയും രണ്ട്‌ കിലോ ഗൊതമ്പുപൊടിയും ഒരു കിലോ പഞ്ചസാരയും കിട്ടും. പ്രാണന്‍ കിടക്കാന്‍ മാത്രമുള്ള ഒരു മിനിമം ഏര്‍പ്പാട്‌.പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നുണ്ട്‌ ചിലര്‍. അതിനായി, പുതിയൊരു സംഘടനയും അവര്‍ രൂപീകരിച്ചിരിക്കുന്നു. ജമ്മു-കാശ്മീര്‍ ദേശീയ ഐക്യമുന്നണി.

കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവസിപ്പിക്കുക, ചെറുപ്പക്കാരായ പണ്ഡിറ്റുകളെ സൃഷ്ട്യുന്മഖമാക്കുക, കാശ്മീരി ഹിന്ദുക്കള്‍ക്ക്‌ സീറ്റുകള്‍ സംവരണം ചെയ്യുക, ഇതൊക്കെയാണ്‌ പാര്‍ട്ടിയുടെ അജണ്ടകള്‍.പണ്ഡിറ്റുകളുടെയിടയില്‍ പരസ്പരവിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു.കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ, ഫലസ്തീന്‍ പ്രശ്നംപോലെ ഏറെക്കുറെ സങ്കീര്‍ണ്ണമാണ്‌. എന്നാൽ ഇന്ന് സന്തോഷകരമായ ഒരു നടപടി ജമ്മു സർക്കാർ എടുത്തിരിക്കുന്നു. അവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിക്കായി പ്രമേയം പാസാക്കി. ജന്മനാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അവരുടെ ദുരന്തവിധിക്ക് അറുതി വരുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button