KeralaNews

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നില്‍ സി.പി.എം അല്ലെന്ന് ഏരിയാസെക്രട്ടറി; പിന്നില്‍ ആര് എന്ന ചോദ്യവുമായി നാട്ടുകാര്‍

കണ്ണൂര്‍: കണ്ണൂര്‍ അണ്ടലൂരില്‍ വെട്ടേറ്റുമരിച്ച എഴുത്താന്‍ സന്തോഷിന്റെ കൊലപാതകത്തില്‍ നാട്ടുകാര്‍ക്ക് ഉണ്ടായ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊല്ലപ്പെട്ട സന്തോഷിന് പ്രത്യക്ഷത്തില്‍ രാഷ്ട്രീയ ശത്രുക്കളില്ലായിരുന്നു എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു.മിതമായ സൗഹൃദം ഏവരോടും കാത്തു സൂക്ഷിച്ച സന്തോഷ് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ക്ക് ജോലി പോലും ഒഴിവാക്കി എത്തുന്ന വ്യക്തിയായിരുന്നു. നേരത്തെ ഓട്ടോ ഡ്രൈവറായ സന്തോഷ് അടുത്ത കാലത്തായി പെയിന്റിങ് ജോലി ചെയ്താണ് കുടുംബം പുലര്‍ത്തിപ്പോന്നിരുന്നത്. അങ്ങനെയുള്ള സന്തോഷിനെ എന്തിന് കൊല ചെയ്തുവെന്നാണ് അയല്‍വാസികള്‍ ചോദിക്കുന്നത്.
സംഭവം നടന്ന ദിവസം ഭാര്യ ബേബിയും മക്കളായ സാരംഗും വിസ്മയയും അമ്മവീട്ടിലായിരുന്നു.
തനിച്ചായിരുന്ന സന്തോഷിന്റെ വീട് ആക്രമിച്ച് മുന്‍ വാതില്‍ തകര്‍ത്താണ് അക്രമികള്‍ അകത്തു കയറിയത്. കൊടുവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം. വീടിനകത്ത് രക്തം തളം കെട്ടിയ നിലയിലാണ്. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചിരുന്നത്. സുഹൃത്തുക്കളും പൊലീസും എത്തുമ്പോഴേക്കും അമിതമായി രക്തം വാര്‍ന്നു പോയിരുന്നു. ആശുപത്രിയിലെത്തും മുമ്പ് തന്നെ സന്തോഷ് മരണമടയുകയായിരുന്നു. ബിജെപി.യുടെ അണ്ടലൂര്‍ ബൂത്ത് കമ്മിറ്റി പ്രസിഡണ്ടു കൂടിയായിരുന്നു സന്തോഷ്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അണ്ടലൂര്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പഴയ ആര്‍.എസ്. പ്രവര്‍ത്തകന്‍ കൂടിയായിരുന്നു സന്തോഷ്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വിവേകാന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ- എ.ബി.വി.പി. സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ അക്രമങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം. സിപിഎമ്മുകാരാണ് സന്തോഷിനെ കൊല ചെയ്തതെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആരോപിക്കുന്നുണ്ട്.
എന്നാല്‍ സന്തോഷിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് ഏരിയാ സെക്രട്ടറി കെ.മനോഹരന്‍ വ്യക്തമാക്കി. ഈ നിഷ്ഠൂര കൊലപാതകത്തെ സി.പി.എം അപലപിക്കുകയും ചെയ്തു. സംഭവത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും ഏരിയാ സെക്രട്ടറി അറിയിച്ചു.

shortlink

Post Your Comments


Back to top button