ആലപ്പുഴ : മാവേലിക്കരയിലെ സഹകരണ ബാങ്കില്‍ 50കോടിയുടെ ഞെട്ടിക്കുന്ന ക്രമക്കേട് കണ്ടെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലാണ് ക്രമക്കേട് നടന്നത്. തട്ടിപ്പ് കണ്ടെത്തിയ ബാങ്ക് സെക്രട്ടറി അന്നമ്മ മാത്യു, കണക്ക് ഓഡിറ്റ് ചെയ്ത എസ്. കൃഷ്ണകുമാരിയമ്മ എന്നിവരുടെ വീടുകൾ അജ്ഞാതര്‍ ആക്രമിച്ചു.
കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിന് 10 ശാഖകളാണുള്ളത്. ക്രമക്കേട് കണ്ടെത്തിയ തഴക്കര ശാഖയില്‍ത്തന്നെ 40 ശതമാനം ഓഡിറ്റാണ് കഴിഞ്ഞത്. അതിനാൽ ഇവിടെ വന്‍ ക്രമക്കേട് നടന്നെന്ന വിവരം കണ്‍കറന്റ് ഓഡിറ്ററായ കൃഷ്ണകുമാരിയമ്മ ഒരുവര്‍ഷം മുൻപ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഇത് വിശദമാക്കി ബാങ്ക് പ്രസിഡന്റിനും സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയെങ്കിലും കൃഷ്ണകുമാരിയമ്മയെ കൊല്ലം ജില്ലയുടെ തെക്കുഭാഗത്തേക്ക് സ്ഥലംമാറ്റുകയാണുണ്ടായത്.
ബാങ്കിന്റെ സോഫ്റ്റ് വെയറിൽ കൃത്രിമംകാട്ടി തട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റർ കണ്ടെത്തിയത്. സൈബര്‍ കുറ്റകൃത്യം ബന്ധപ്പെട്ടവരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ് വെയർ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ബി.കെ. പ്രസാദും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിസംബര്‍ അവസാനം ബാങ്ക് ഭരണസമിതി അന്വേഷണസംഘത്തെ നിയമിച്ചു. തുടർന്നാണ് 50 കോടിയുടെ തട്ടിപ്പ് നടന്നതായി തെളിഞ്ഞത്. ഇതിന്റെ പേരിൽ ശാഖാമാനേജരടക്കം മൂന്നുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തെങ്കിലും വിഷയം പുറംലോകമറിയാത്തത് ഏറെ ദുരൂഹത ഉണർത്തുന്നു.
മുന്നണിഭേദമെന്യേ രാഷ്ട്രീയകക്ഷികള്‍ ഈ വന്‍തട്ടിപ്പിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചിരിക്കുന്നെന്ന പരാതിയും വകുപ്പിൽ ഉയരുന്നു. സഹകരണവകുപ്പ് സൈബര്‍ കുറ്റങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തരായവരെയല്ല നിയോഗിച്ചിരിക്കുന്നതെന്നും, വകുപ്പിലെ ചിലർ ഇതിന് കൂട്ടുനില്‍ക്കുന്നുവെന്നും വകുപ്പിലുള്ളവര്‍തന്നെ പറയുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ചേർക്കുന്നു :
*പണം വരവില്ലാതെ പല അക്കൗണ്ടുകളിലും ഭീമമായ തുക കൊടുത്തു (ഉദാ: ഒരു എസ്.ബി. അക്കൗണ്ടിലെ മൈനസ് ബാലന്‍സ് 38.64 കോടി).
* സ്ഥിര നിക്ഷേപങ്ങളുടെയും ക്യുമിലേറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും വരവുകോളത്തില്‍ നീക്കിയിരിപ്പില്ലാതെ പണം കൊടുത്തു.
* സ്വര്‍ണവായ്പയായി 9.95 കോടി കൊടുത്തതില്‍ 8.17 കോടി രൂപയ്ക്കും പണയ ഉരുപ്പടിയില്ല
*10.22 കോടി സാധാരണവായ്പ അനുവദിച്ചതില്‍ മതിയായ അപേക്ഷയോ പ്രമാണങ്ങളോ ഇല്ലാതെയാണ് 3.54 കോടി അനുവദിച്ചത്.
* സ്വയംസഹായ സംഘങ്ങള്‍ക്ക് 1.97 കോടി വായ്‌പ നൽകിയതിൽ 99 ലക്ഷത്തിന് രേഖകളില്ല.
*ബിസിനസ് വായ്പ 5.61 കോടിയില്‍ 4.53 കോടിയും വ്യാജം.
*സ്ഥിരനിക്ഷേപത്തില്‍നിന്ന് 14.82 കോടി രൂപയുടെ വായ്പ നൽകിയത് 90 ശതമാനവും വ്യജ സര്‍ട്ടിഫിക്കറ്റുകളുടെ ജാമ്യത്തിൽ
* 2.46 കോടിയുടെ ക്യുമിലേറ്റീവ് ഡിപ്പോസിറ്റ് വായ്പയിൽ 2.43 കോടിയും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് നൽകിയത്.
* നിക്ഷേപവും വായ്പയും തമ്മില്‍ ഭീമമായ വ്യത്യാസം.
Post Your Comments