പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്ന ഒബാമ തന്റെ ഭാവി പരിപാടികളെ കുറിച്ച് മനസ്സ് തുറന്നു. “ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ശേഷം മക്കൾക്കൊപ്പം ചെലവിടണം,അതോടൊപ്പം എഴുത്തും വായനയും കൊണ്ടുപോകണമെന്ന്‍” ഒബാമ പറഞ്ഞു. “അടിസ്ഥാന മൂല്യങ്ങൾ പണയപ്പെടുന്ന ഘട്ടം വന്നാല്‍ പൊതുമണ്ഡലത്തിൽ തിരിച്ചെത്തുമെന്ന്” ഒബാമ തന്റെ അവസാന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഏറെ പ്രതീക്ഷകളും ആശങ്കകളും പ്രതീക്ഷകളും പങ്കു വെച്ച് കൊണ്ടായിരുന്നു ബരാക് ഒബാമയുടെ അവസാന വാർത്ത സമ്മേളനം നടന്നത്. അമേരിക്കയുടെ റഷ്യ,ക്യൂബ ബന്ധങ്ങൾ പലസ്തീൻ ഇസ്രയേൽ സംഘർഷത്തിന്റെ ആശങ്ക എന്നിവയ്ക്കൊപ്പം അമേരിക്കയിലെ വർണ്ണ വെറിയും, ഭിന്നലൈഗികതാ സംവാദവും എല്ലാം പരാമർശിച്ചു കൊണ്ടുള്ള പ്രസംഗമായിരുന്നു ഒബാമ നടത്തിയത്.
“പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് സ്വന്തം മൂല്യങ്ങളുമായി മുന്നോട്ടുപോകുന്നതാണ് ഔചിത്യം. എന്നാൽ മന്ത്രിമാരടക്കമുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ കരുതൽ വേണമെന്ന്” ഒബാമ ചൂണ്ടി കാട്ടി. ട്രംപിന്റെ സ്ഥാനാരോഹണത്തിന് താനുണ്ടാവുമെന്നും ഒബാമ പറഞ്ഞു.
വിക്കിലീക്സിന് നയതന്ത്രരേഖകൾ ചോർത്തിക്കൊടുത്ത ചെൽസീ മാനീംഗിന്റെ ശിക്ഷ വെട്ടിച്ചുരുക്കിയ നടപടിയേയും പ്രസംഗത്തിൽ ഒബാമ ന്യായീകരിച്ചു.
“തന്റെ മുൻഗാമികളായ പ്രസിഡന്റുമാരുടെ പാത സ്വീകരിച്ച് പൊതുമണ്ഡലത്തിൽ നിന്ന് മാറി നിൽക്കാനാണ് താത്പര്യം. എന്നാൽ മൂല്യങ്ങൾക്ക് വെല്ലുവിളി നേരിടുമ്പോള്‍ തന്റെ ശബ്‍ദം ഉയരുമെന്നും ഒബാമ” ജനങ്ങൾക്ക് ഉറപ്പ് നൽകി. കൂടാതെ യാത്ര പറയുമ്പോൾ “ജനങ്ങളിൽ നെറികേടിനേക്കാൾ കൂടുതൽ നന്മയുണ്ട്. എല്ലാം ശരിയാകുമെന്നു ഒബാമ പറഞ്ഞു.
Post Your Comments