ന്യൂഡല്‍ഹി: ഗുസ്തിയിലും കൈവച്ച് യോഗ ഗുരു ബാബ രാംദേവ്. റഷ്യന്‍ ഗുസ്തിതാരം ആന്‍ഡ്രി സ്റ്റഡ്‌നികിനെ രാംദേവ് മലര്‍ത്തിയടിച്ചു. 2017 പ്രൊ റെസ്ലിംഗ് ലീഗിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ സൗഹാര്‍ദ്ദ മത്സരത്തിലാണ് 2008 ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ സ്റ്റഡ്‌നികിനെ രാംദേവ് മുട്ടുകുത്തിച്ചത്. നൂറുകണക്കിന് കാണികള്‍ക്കു മുന്നിലാണ് ഗുസ്തി മത്സരം അരങ്ങേറിയത്.
സ്റ്റാഡ്‌നികിനെ 12-0നാണ് രാംദേവ് പരാജയപ്പെടുത്തിയത്. ബീജിംഗ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍ കുമാറിനെ അട്ടിമറിച്ചായിരുന്നു സ്റ്റഡ്‌നിക് ഫൈനലില്‍ കടന്നത്. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ കൂടിയാണ് സ്റ്റഡ്‌നിക്.
യാതൊരു ആശങ്കയും കൂടാതെ ഗോദയില്‍ ഇറങ്ങിയ രാംദേവ് മത്സരത്തിനു മുമ്പ് തന്റെ യോഗാപ്രകടനവും കാഴ്ചവച്ചു. കഴിഞ്ഞ ദിവസം ഒരു ഡാന്‍സ് മത്സരത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ രാംദേവ് പരാജയപ്പെടുത്തിയത് വാര്‍ത്തയായിരുന്നു. ഡല്‍ഹിയില്‍ നടന്ന ചാരിറ്റി ഫുട്‌ബോള്‍ മത്സരത്തിലും രാംദേവ് കളത്തിലിറങ്ങിയിരുന്നു.
ആദ്യമായാണ് രാംദേവ് ഗുസ്തിയില്‍ കൈവയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹരിദ്വാറിലെ ആശ്രമത്തിന്റെ 20ാം വാര്‍ഷികാഘോഷത്തില്‍ സുശീല്‍ കുമാറിനെ അദ്ദേഹം ഗുസ്തിക്ക് വെല്ലുവിളിച്ചിരുന്നു.
രാംദേവ്-സ്റ്റഡ്‌നിക് മത്സരത്തിന്റെ വീഡിയോ ദൃശ്യം കാണാം.
Post Your Comments