India

വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊച്ചി : വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്. വിമാന സര്‍വീസുകള്‍ വര്‍ധിക്കുകയും നിരവധി കമ്പനികള്‍ രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് കര്‍ശന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി വ്യോമയാന ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചിരിക്കുകയാണ്. വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും, വൈകുമ്പോഴും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കു സീറ്റ് ലഭിക്കാതെ വരുമ്പോഴും വിമാനക്കമ്പനികള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ കേന്ദ്ര വ്യോമയാന ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് വിമാനക്കമ്പനികള്‍ നടപ്പാക്കാത്തതില്‍ വ്യാപകപ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്…

. വിമാനക്കമ്പനി സീറ്റ് നിഷേധിക്കുന്നതു മൂലം കണക്ഷന്‍ വിമാനത്തില്‍ കയറാന്‍ കഴിയാതെ വന്നാലും നിര്‍ദിഷ്ട സമയത്തേക്കാള്‍ മൂന്നു മണിക്കൂര്‍ വൈകി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്താല്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്ത വിമാനക്കമ്പനി 400 ശതമാനം നഷ്ടപരിഹാരം നല്‍കണം.

. യാത്രക്കാര്‍ക്ക് സര്‍വീസിനെക്കുറിച്ചും റിസര്‍വേഷന്‍ സ്റ്റാറ്റസിനെക്കുറിച്ചും കമ്പനി കൃത്യമായ വിവരങ്ങള്‍ നല്‍കിയിരിക്കണം.

. ടിക്കറ്റ് നിരക്ക്, യാത്രാ സംവിധാനം എന്നിവ സംബന്ധിച്ച് കമ്പനിയുടെ നിബന്ധനകള്‍ യാത്രയ്ക്കു മുമ്പു തന്നെ അറിയിക്കണം. നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍, വിമാനം മാറിക്കയറാതെ സ്‌റ്റോപ്പുള്ള സര്‍വീസുകള്‍, കണക്ടിംഗ് സര്‍വീസ്, കമ്പനിയില്‍ ലഭ്യമായ എല്ലാവിധ നിരക്കുകള്‍ എന്നിവ സംബന്ധിച്ച് യാത്രക്കാര്‍ക്കു വിവരം നല്‍കണം.

. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണമായ കാരണങ്ങള്‍ കൊണ്ടു സര്‍വീസ് റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനികള്‍ക്കു ബാധ്യതയില്ല. രാഷ്ട്രീയ അസ്ഥിരത, പ്രകൃതിദുരന്തങ്ങള്‍, ആഭ്യന്തരയുദ്ധം, കലാപം, വെള്ളപ്പൊക്കം, സര്‍ക്കാര്‍ നിയന്ത്രണം, സമരങ്ങള്‍, സുരക്ഷാഭീഷണി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയാണ് വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യങ്ങളായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തവര്‍ക്കു സീറ്റ് നിഷേധിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ നാലിരട്ടി വരെ കമ്പനികള്‍ പിഴയായി നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ചില യാത്രക്കാരെങ്കിലും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമെന്ന കണക്കുകൂട്ടലില്‍ മിക്ക കമ്പനികളും വിമാനത്തിലുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ഇവര്‍ എല്ലാവരും യാത്രയ്‌ക്കെത്തിയാല്‍ ആദ്യമെത്തുന്നവര്‍ക്കു സീറ്റ് നല്‍കുകയാണ് പതിവ്. സീറ്റ് ലഭിക്കാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണം. ഇതിനു പുറമേ വണ്‍വേ അടിസ്ഥാന നിരക്കിന്റെ ഇന്ധന ചാര്‍ജിന്റെയും 200 ശതമാനം (പരമാവധി 10000 രൂപ) പിഴയായി നല്‍കുകയും വേണം.

. സര്‍വീസ് നല്‍കുന്ന വിമാനക്കമ്പനിയെക്കുറിച്ചും യാത്രയ്ക്കിടയില്‍ മാറിക്കയറേണ്ട വിമാനത്തെക്കുറിച്ചും ഇടയ്ക്കുള്ള സ്‌റ്റോപ്പ് സംബന്ധിച്ചും യാത്രക്കാര്‍ക്കു കംപ്യൂട്ടര്‍ പ്രിന്റ് നല്‍കണം.

. 24 മണിക്കൂറിനു ശേഷമാണ് പകരം വിമാനം ഒരുക്കുന്നതെങ്കില്‍ നഷ്ടപരിഹാരത്തുക 400 ശതമാനമായി ഉയരും (പരമാവധി 20000 രൂപ). യാത്രക്കാരന്‍ പകരം വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും 400 ശതമാനം നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

. വിമാനം റദ്ദാക്കല്‍ക്കമ്പനി ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ച മുമ്പു തന്നെ യാത്രക്കാരെ അറിയിക്കണം. യാത്രക്കാരന് താല്‍പര്യത്തിന് അനുസരിച്ച് പകരം വിമാനം ഒരുക്കുകയോ പണം മടക്കി നല്‍കുകയോ ചെയ്യണം. രണ്ടാഴ്ച മുമ്പു മുതല്‍ 24 മണിക്കൂര്‍ മുമ്പു വരെ വിവരം അറിയിക്കാന്‍ കഴിഞ്ഞാല്‍ നിര്‍ദിഷ്ട സര്‍വീസ് സമയത്തിന് രണ്ടുമണിക്കൂറിനുള്ളില്‍ പുറപ്പെടുന്ന മറ്റൊരു വിമാനത്തില്‍ യാത്രാസൗകര്യം നല്‍കിയാല്‍ മതിയാകും. എന്നാല്‍ മേല്‍പ്പറഞ്ഞ പ്രകാരം വിവരം അറിയിച്ചില്ലെങ്കില്‍ ടിക്കറ്റ് തുക മടക്കിനല്‍കുന്നതിനു പുറമേ 10000 രൂപ വരെ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥമായിരിക്കും. പകരം വിമാനത്തിന് ഒരു മണിക്കൂര്‍ ബ്ലോക്ക് സമയമുള്ളവര്‍ക്ക് 5000 രൂപയും രണ്ടുമണിക്കൂര്‍ വരെയുള്ളവര്‍ക്ക് 7500 രൂപയും അതില്‍ കൂടുതലുള്ളവര്‍ക്ക് 10000 രൂപയും നല്‍കണമെന്നാണ് നിര്‍ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button