കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിൽ ഇനി മുതൽ സൗഹൃദ ജയിൽ ആയി മാറും. തടവുകാരോട് എല്ലാരോടും മാന്യമായി പെരുമാറണമെന്ന് ജയിലിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയതായി ജയിൽ സൂപ്രണ്ട്, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ജയിലിലെ തടവുകാരനായ ഷംനാദ് തലശ്ശേരി ജില്ലാ ജഡ്ജി വഴി നൽകിയ പരാതിയെ തുടർന്ന് ആക്ടിംഗ് ചെയർപേഴ്സൺ പി. മോഹനദാസ് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമത്തിൽ അനുശാസിക്കുന്ന എല്ലാ ചികിത്സാ സൗകര്യങ്ങളും എല്ലാ തടവുകാർക്കും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും, വിദഗ്ദ്ധചികിത്സ ആവശ്യമുള്ള തടവുകാർക്ക് കണ്ണൂർ ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജയിൽസൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
ജയിലിൽ നിന്നും അനുമതി ലഭിച്ച ശേഷം അവധിയിലിരിക്കേ ഒളിച്ചോടുന്ന വ്യക്തിക്ക് പ്രസ്തുത കാലയളവ് ക്രമീകരിച്ച് നൽകുന്നതു വരെ മറ്റൊരു അവധി അനുവദിക്കാൻ കഴിയില്ലെന്നും, അത്യാവശ്യമാണെങ്കിൽ ഇത്തരം തടവുകാർക്ക് എസ്കോർട്ട് വിസിറ്റ് അനുവദിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments