കൊച്ചി: വിവിധ കേസുകളുടെ ഭാഗമായി കീഴ്‌ക്കോടതികളിലുള്ള 500, 1000 രൂപാ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നതു സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇതിന്റെ ഭാഗമായി എത്രത്തോളം പണം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നതു സംബന്ധിച്ചു ജില്ലാ ജഡ്ജിമാര്‍ മുഖേന വിവരശേഖരണം നടത്തുന്നുണ്ട്.
കീഴ്‌ക്കോടതികളിലുള്ള പണം എന്തു ചെയ്യണമെന്നതു സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. കോടതി നടപടിക്രമങ്ങളുടെ ഭാഗമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി സ്വമേധയാ ഹര്‍ജി നടപടി ആരംഭിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ച പ്രകാരമാണു നടപടി.
പ്രാരംഭ കണക്കെടുപ്പില്‍, ജില്ലാകോടതിക്കു കീഴില്‍ മാത്രം അസാധു നോട്ടുകള്‍ ഉള്‍പ്പെട്ട നൂറോളം കേസുകളുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിനു പുറമേ, സംസ്ഥാനത്തെ വിവിധ കോടതികളില്‍ തൊണ്ടിമുതലായി കോടിക്കണക്കിനു രൂപയും സൂക്ഷിക്കുന്നുണ്ട്.
നോട്ടു മാറ്റിയെടുക്കാനുള്ള കാലാവധി അവസാനിച്ചശേഷം കക്ഷികള്‍ക്കോ സര്‍ക്കാരിനോ അസാധു നോട്ടുകള്‍ ലഭിച്ചാല്‍ എന്തു ചെയ്യണമെന്നകാര്യത്തില്‍ ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തിലാണു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.
Post Your Comments