KeralaNews

വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടത്ര സുരക്ഷയില്ല : സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസില്‍ ഒതുങ്ങുന്നു

തിരുവനന്തപുരം: വൈദ്യുത വകുപ്പ് ജീവനക്കാരുടെ സുരക്ഷാമാനദണ്ഡങ്ങള്‍ കടലാസിലൊതുങ്ങുമ്പോള്‍ ഇക്കൂട്ടര്‍ പോസ്റ്റിനു മുകളില്‍ പണിയെടുക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ലൈനില്‍ അറ്റകുറ്റ പണികള്‍ക്കിടെ മരിച്ചവരുടേയും ഗുരുതര പരിക്കേറ്റ് കഴിയുന്നവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്.

2014 ല്‍ 13 ജീവനക്കാരും 16 കരാര്‍ തൊഴിലാളികളുമടക്കം 19 പേരാണ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത്. 2015 ല്‍ മരണം ആറില്‍ ഒതുങ്ങിയെങ്കിലും ഇപ്പോഴും ചലിക്കാനാവാതെ ഗുരുതര പരിക്കേറ്റ് കഴിയുന്നത് 223 ജീവനക്കാരാണ്.

2016 ല്‍ ഒരു ഡസനിലേറെ തൊഴിലാളികളാണ് ഷോക്കേറ്റ് മരിച്ചത്.. പരിക്കേറ്റവര്‍ നൂറിന് മുകളിലും. പോസ്റ്റില്‍ കയറി ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് നിലവാരമില്ലാത്ത സേഫ്റ്റി ബെല്‍റ്റും ഹെല്‍മറ്റുകളുമാണ്. ഇതോടെ ജീവനക്കാര്‍ അപകടത്തില്‍ പെടുന്നതും മരണമടയുന്നതും നിത്യസംഭവമായി.

2010 വരെ വൈദ്യുതി വകുപ്പ് കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ലൈനിലെ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ മെയിന്റിനന്‍സ്, റവന്യൂ, ബ്രേക് ഡൗണ്‍ എന്നിങ്ങനെ മൂന്ന് സെക്ഷനായി തിരിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. ഇത്തരത്തില്‍ മോഡല്‍ സെക്ഷന്‍ രൂപീകരിച്ചതോടെ ഒരു ഇലക്ട്രിക്കല്‍ സെക്ഷനുകീഴിലുള്ള 35000 മുതല്‍ 50000 വരെയുള്ള കണ്‍സ്യൂമര്‍മാരുടെ വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കേണ്ട ചുമതല അതാതു സെക്ഷനിലെ നാലോ അഞ്ചോ ലൈന്‍മാന്‍മാരുടെ തലയിലായി.

മെയിന്റിനന്‍സ് സെക്ഷനൊഴികെ ലൈനില്‍ അറ്റകുറ്റ പണികള്‍ നിര്‍വ്വഹിക്കുന്ന ജീവനക്കാര്‍ക്കൊന്നും ഏണിയോ വാഹനമോ നല്‍കിയിട്ടില്ല. ബ്രേക് ഡൗണ്‍ സെക്ഷനിലേയും റവന്യൂവിലേയും ജീവനക്കാര്‍ പോസ്റ്റില്‍ തടിക്കഷണം വച്ചുകെട്ടിയാണ് ലൈനിലെ പണികള്‍ ചെയ്യുന്നത്. ഇങ്ങനെ പരിതാപകരമായ അവസ്ഥയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് വൈദ്യുതി വകുപ്പ് ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. ഇങ്ങനെ വൈദ്യുതി വകുപ്പിന്റെ വീഴ്ച മൂലം വര്‍ഷം തോറും അപകടത്തില്‍ പൊലിയുന്നത് നിരവധിപേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button