കോട്ടയം : രാജ്യത്ത് അങ്ങോളം ഇങ്ങോളം അസഹിഷ്ണുത വളർന്നു വരുന്ന ഒരു സാഹചര്യമാണ് നില നിൽക്കുന്നത്. ദളിത് പീഡനത്തിന്റെ പേരിൽ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു വർഷം തികഞ്ഞിട്ടും രാജ്യത്തെ അസഹിഷ്ണുതക്ക് ഒരു മാറ്റവുമില്ല. ദളിത് പീഡനത്തിന്റെ പേരിൽ പല വിദ്യാർത്ഥി സംഘടനയിൽ നിന്നും അണികളുടെ കൊഴിഞ്ഞു പോക്ക് വർദ്ധിച്ചു വരുന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ നില കൊള്ളുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കൊഴിഞ്ഞു പോക്ക് നടന്നു കൊണ്ടിരിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സംഘടനയില്‍ നിന്നാണെന്നത് ശ്രദ്ധേയം.
വടക്കേ ഇന്ത്യന്‍ഗ്രാമങ്ങളിലെ ചെറിയ ദളിത് പീഡനങ്ങള്‍ പോലും ശക്തമായി പ്രതിഷേധിക്കുന്ന ഇടതു യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അസഹിഷ്ണുത ദളിത് വിദ്യാര്‍ത്ഥികളോടെന്ന് ദളിത് സംഘടനകള്‍ ആരോപിക്കുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ ദളിത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി നടന്ന അഞ്ചിലധികം കേസുകളില്‍ എസ്എഫ് പ്രതിസ്ഥാനത്ത് ആയതോടെയാണ് ഈ ആരോപങ്ങൾക്ക് ശക്തി കൂടിയതും കൊഴിഞ്ഞു പോക്ക് വർദ്ധിച്ചതും. ക്യാമ്പസുകളിലെ ദളിത് കൂട്ടായ്മകളെ എസ്എഫ്‌ഐ സംശയത്തോടെ കാണുന്നുണ്ടെന്നും അവരെ ആശങ്കപ്പെടുത്തുണ്ടെന്നുമാണ് സൂചന.
നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക് ഹോസ്റ്റലിന് പിന്നാലെ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ എംഫില്‍ വിദ്യാര്‍ത്ഥി കൂടി ആക്രമിക്കപ്പെട്ടതോടെ എസ്സ്എഫ് ഐ മേധാവിത്വം പുലര്‍ത്തുന്ന കോളേജുകളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് ഇടതു സംഘടനകളിലെ അണികളില്‍ വന്‍ ചോര്‍ച്ച സംഭവിക്കുന്നത് കേരളത്തിലെ സിപിഎമ്മിനെയും ആശങ്കയിലാക്കുന്നു. അതിനാൽ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്ത് പുതിയ സംഘടന ഉയർന്നു വരുമെന്ന ഭീതിയിൽ മുളയിലേ നുള്ളുക എന്ന തന്ത്രം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.
കാലടി സ്വദേശിയും നിര്‍ധന മാതാപിതാക്കളുടെ മകനുമായ വിവേക് കുമാരനെ അംബേദ്ക്കര്‍ സ്റ്റഡി മൂമെന്റിന്റെ പ്രവര്‍ത്തകന്‍ എന്നാരോപിച്ച് പല്ലന ഹോസ്റ്റലില്‍ കയറി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചിരുന്നു. തനിക്ക് ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്ന് . കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു എന്ന്‍ വിവേക് പറയുന്നു. സ്വവര്‍ഗ്ഗപ്രണയികളുമായി ബന്ധപ്പെട്ട് ഒരു സംവാദ പരിപാടി ഇയാള്‍ സംഘടിപ്പിച്ചിരുന്നു. അധികൃതരുടെ അറിവോടെ നോട്ടീസും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ള അറിയിപ്പുകള്‍ നല്‍കിയ ശേഷമായിരുന്നു പരിപാടി. പരിപാടിയില്‍ പ്രധാന ആളെ കൊണ്ടുവന്നത് മുതല്‍ സജീവമായി വിവേക് ഇടപെട്ടിരുന്നു. എല്‍ജിബിറ്റി ആള്‍ക്കാര്‍ക്ക് ജനങ്ങള്‍ക്കിടയില്‍ കിട്ടേണ്ട സ്വാതന്ത്ര്യം അവരുടെ പോരാട്ടം. തുടങ്ങിയ വിഷയങ്ങള്‍ സംസാരിച്ച് ഒടുവില്‍ എല്‍ജിബിറ്റികളായവര്‍ക്ക് വേണ്ടിയുള്ള രാഷ്ട്രീയത്തെക്കുറിച്ച് വരെ സംവാദത്തില്‍ ചര്‍ച്ചയുണ്ടായി. ഇതിന് പിന്നാലെയായിരുന്നു അക്രമം.
രോഹിത്‌വെമുല, ഗുജറാത്തിലെ ദളിത് പീഡനങ്ങള്‍, ബീഫ് വിവാദം തുടങ്ങി വിദ്യാര്‍ത്ഥികളുടേയും അല്ലാത്തതുമായി അനേകം വിഷയങ്ങളില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചിരുന്നു. അതിനെയെല്ലാം അംബേദ്ക്കര്‍ സ്റ്റഡീ മൂവ്‌മെന്റിന്റെ ഭാഗമായി കാണക്കാക്കുവനാണ് എസ്സ്എഫ് ഐയുടെ ശ്രമമെന്നാണ് ആരോപണം. ഇപ്പോള്‍ തന്നെ മയക്കുമരുന്നു വില്‍പ്പനക്കാരനാക്കി സാമൂഹ്യമാധ്യമങ്ങള്‍ വഴി അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നു വിവേക് പറയുന്നു.
കോട്ടയത്ത് നാട്ടകം പോളി ടെക്‌നിക്ക് ഹോസ്റ്റല്‍ വിവാദമായതും ദളിത് പീഡനത്തിന്റെ പേരിലായിരുന്നു. സഹപാഠികളുടെ ക്രൂരമായ റാഗിങ്ങിന് വിധേയമായി തൃശ്ശൂര്‍ സ്വദേശി അവിനാശ് വൃക്ക തകര്‍ന്ന്‍ ഗുരുതരാവസ്ഥയില്‍ആശുപത്രിയില്‍ കഴിയുകയാണിപ്പോള്‍. ഈ സംഭവത്തോടെ കലാലയ ഹോസ്റ്റലില്‍ നിറഞ്ഞു നിന്ന ജാതീയ അയിത്തമാണ് മറ നീക്കി പുറത്തു വന്നത്. റാഗിങ്ങിനു പിന്നാലെ ഹോസ്റ്റലിന്റെ ഒരു മുറിയിലും,ഹാളിന്റെ ഭാഗത്തും ‘പുലയക്കുടില്‍’ എന്ന് എഴുതിയിട്ട വിവരവും ഇതോടൊപ്പം പുറത്തു വന്നു. വിവേചനത്തെക്കുറിച്ച് അറിഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാന്‍ താമസിച്ചതും കൂടുതല്‍ ദുരൂഹത ഉയര്‍ത്തുന്നു.
പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ദീപാമോഹന് വിവേചനം നേരിട്ടതോടെയാണ് എംജി സര്‍വകലാശാല ദളിത് പീഡനത്തിന്റെ പേരില്‍ പ്രതിക്കൂട്ടിലായ്ത്. അതില്‍ പ്രതിസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഇടത് അനുകൂല സംഘടനയില്‍ പെട്ട അധ്യാപകനായിരുന്നു. ഈ വിഷയത്തില്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ മടി കാട്ടിയ വിദ്യാര്‍ത്ഥിയോട് വിവേചനം കാട്ടിയെന്നും അധ്യാപകനെ സംരക്ഷിക്കാന്‍ എസ്എഫ്‌ഐ തയ്യാറായെന്നും ഈ സംഭവത്തില്‍ തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കാന്‍ ശ്രമം നടന്നതായും ആരോപിച്ച് ദീപ രംഗത്ത് വന്നിരിന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവും ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഇതിലും എസ്എഫ്‌ഐ നേതാക്കളായ മൂന്ന് പേര്‍ക്കെതിരേയായിരുന്നു ബിഎ മോഹിനിയാട്ടം വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി ആരോപണം ഉന്നയിച്ചത്
പാലക്കാട് വിക്‌ടോറിയ കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ: ടി എന്‍ സരസുവിനെതിരേ എസ്എഫ്‌ഐ നടത്തിയ പ്രതീകാത്മക ശവസംസ്‌ക്കാര ചടങ്ങ് ദളിതരോടുള്ള അസഹിഷ്ണുതയുടെ ഭാഗമാണെന്നു തിരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപ്പി ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രധാനാദ്ധ്യാപിക നല്‍കിയ പരാതിയില്‍ പ്രതികളായി ചൂണ്ടിക്കാണിച്ചത് എട്ട് എസ്എഫ്‌ഐ ക്കാരെ ആണെന്നും അദ്ധ്യാപക സംഘടനകളുമായി ബന്ധപ്പെട്ട നാല് സിപിഎമ്മുകാരുടെ പിന്തുണയോടെയാണ് ഇക്കാര്യം അവര്‍ ചെയ്തതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
ദളിതര്‍ ഉള്‍പ്പെട്ട ദരിദ്രരെയും ഇല്ലായ്മക്കാരനെയും ജാതിയോ മതമോ നോക്കാതെ പരിഗണിക്കുകയും അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്തിരുന്ന ഇടത് ആശയത്തില്‍ ജാതിവാദം കലര്‍ന്നതാണ് ദളിതുകളുടെ കൊഴിഞ്ഞ് പോക്കിന് കാരണമായി ദളിത് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ജാതി അയിത്തത്തിന്റെ പേരിലും, തൊഴില്‍ ചൂഷണത്തിന്റെ പേരിലും നാട്ടില്‍ ശബ്ദമുയര്‍ത്തി തങ്ങളുടെ രക്ഷകരായി തീര്‍ന്ന സംഘടനയില്‍ തന്നെ ജാതി വാദം കൂടിയതോടെയാണ് തങ്ങള്‍ക്ക് കുടി പ്രാധാന്യം വരുന്ന സ്വത്വത്തിലേക്കുള്ള ദളിതരുടെ മടക്കം, എസ്എഫ്‌ഐ പോലെയുള്ള സംഘടനകളെ അസഹിഷ്ണുക്കളാക്കുന്നു എന്നാണ് ദളിത് സംഘടനകള്‍ വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് കലാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളാന്‍ ദളിത് വിദ്യാര്‍ത്ഥികളുടെ മേല്‍ എസ്സ്എഫ്ഐ കൈയൂക്ക് കാണിക്കുകയെന്നാണ് പ്രധാന ആക്ഷേപം.വെറും സംഘടനാ ശത്രുത മാത്രമാണെങ്കില്‍ ജാതിമതവാദങ്ങള്‍ക്ക് അപ്പുറത്ത് നില്‍ക്കുന്ന പ്രസ്ഥാനം എന്തിനാണ് ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നതെന്നും ദളിത് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു.
എസ്സ്എഫ്ഐയില്‍ നിന്നും സി.പി.എമ്മിലേക്ക് വരുമ്പോള്‍ ആക്രമണങ്ങളുടെ എണ്ണം നിരന്തരം വര്‍ദ്ധിച്ചതോടെ പട്ടിക വിഭാഗത്തില്‍പെട്ട ആള്‍ക്കാര്‍ കൂട്ടമായി അധിവസിക്കുന്ന അനേകം കോളനികള്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ സിപിഎം വന്‍ തിരിച്ചടി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പാമ്പാടി കേന്ദ്രീകരിച്ച് രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നുവന്ന ഒരു ദളിത് സംഘടന കോട്ടയത്ത് ശക്തിപ്പെടുന്നതായും ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ 40 ലധികം ഡിവൈഎഫ്‌ഐ യൂണിറ്റുകള്‍ ഇല്ലാതായതായും കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാക്കമ്മറ്റി വിലയിരുത്തുന്നു. ഇതില്‍ നേതൃത്വം ആശങ്കപ്പെട്ടിരുന്നതായും രഹസ്യവിവരമുണ്ട്.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് വിശലകന ചര്‍ച്ചയില്‍ കോട്ടയത്ത് ദളിതുകള്‍ക്കിടയില്‍ പാര്‍ട്ടിക്ക് മുഖം നഷ്ടപ്പെടുന്നതും അവരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കും ചര്‍ച്ചയ്ക്ക് വിഷയമായി മാറുകയും ചെയ്തെന്നാണ് വിലയിരുത്തല്‍. അതേസമയം ദളിത് പീഡനമെന്നും ജാതിവിവേചനമെന്നും മുറവിളി കൂട്ടി മുമ്പ് നടന്ന പല സംഭവങ്ങളിലും ഇടതു സഹയാത്രികരായ പട്ടികജാതിക്കാര്‍ കൂടി ഉണ്ടെന്നും അതുകൊണ്ട് തന്നെ പ്രതികരിക്കാനില്ലെന്നും ചില ദളിത് സംഘടനാനേതാക്കള്‍ പറയുന്നു.
Post Your Comments