KeralaNews

ഉമ്മന്‍ചാണ്ടി സ്ഥലം നല്‍കി; വി.എസ് തിരിച്ചെടുത്തു – പ്രേം നസീര്‍ സ്മാരകം കടലാസിലൊതുങ്ങി – ജി.സുരേഷ്‌കുമാര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: അനശ്വര നടന്‍ പ്രേംനസീറിന് സ്മാരകം നിര്‍മിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാത്തതിനെ വിമര്‍ശിച്ച് നിര്‍മാതാവും പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ജി.സുരേഷ് കുമാര്‍. ഇരുപത്തിയെട്ടു വര്‍ഷത്തിനുശേഷവും മലയാള സിനിമയിലെ മഹാപ്രതിഭയായ പ്രേംനസീറിന് സ്മാരകം പണിയാന്‍ ഇവിടെ മാറിമാറി അധികാരത്തിലെത്തിയ രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തതു സങ്കടകരമാണെന്നു സുരേഷ്‌കുമാര്‍ പറഞ്ഞു. ഫിലിം ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ നസീറിന്റെ പ്രതിമ സ്ഥാപിക്കാനായി അഞ്ചുവര്‍ഷം മുമ്പ് ഒരു ശില്‍പിയെ ചുമതലപ്പെടുത്തിയിരുന്നു. പതിമൂന്ന് ലക്ഷത്തോളം രൂപ ഈ വകയില്‍ ശില്‍പി കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ഇതുവരെ പ്രതിമ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുവനന്തപുരം നഗരത്തിനുള്ളില്‍ തന്നെ പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാനായി സ്ഥലം അനുവദിച്ചെങ്കിലും പിന്നേട് വന്ന വി.എസ് സര്‍ക്കാര്‍ സ്ഥലം തിരികെ എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ ചടങ്ങ് ഡെപ്യൂട്ടിമേയര്‍ രാഖി രവികുമാര്‍ ഉദ്ഘാടനം ചെയ്തു. മണിയന്‍പിള്ള രാജു, മധുപാല്‍, കിരീടം ഉണ്ണി, ബാലുകിരിയത്ത്, ശ്രീലത, പൂവച്ചല്‍ ഖാദര്‍ എന്നിവര്‍ പങ്കെടുത്തു.

അതിനിടെ സിനിമാചിത്രീകരണത്തിനു മുമ്പേ നടക്കുന്ന പൂജകളില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം അനശ്വര നടന്‍ പ്രേംനസീറിന്റെ ചിത്രംകൂടി വെയ്ക്കണമെന്നു സംവിധായകന്‍ ഹരിഹരന്‍ നിര്‍ദേശിച്ചു. നിര്‍മാതാക്കളുടെ പക്ഷത്തുനിന്നു ചിന്തിച്ചിരുന്ന, അവരുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞിരുന്ന വലിയ കലാകാരനായിരുന്നു പ്രേംനസീറെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് പ്രേംനസീര്‍ സാംസ്‌കാരികവേദി സംഘടിപ്പിച്ച പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാസമരങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രേംനസീര്‍ ഉണ്ടായിരുന്നെങ്കിലെന്നു ഓര്‍ത്തുപോയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ക്കു നഷ്ടമുണ്ടാകുന്നതില്‍ വേദനിച്ചിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ഹരിഹരന്‍ പറഞ്ഞു. പലസാഹചര്യങ്ങളിലും നിര്‍മാതാക്കള്‍ക്കു നസീര്‍ പ്രതിഫലം തിരികെ നല്‍കിയിട്ടുണ്ട്. നസീറിന്റെ സ്മരണ എക്കാലത്തേക്കും നിലനിര്‍ത്താന്‍ ഉതകുന്ന സ്മാരകം ഉണ്ടാക്കണമെന്നും ഹരിഹരന്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ പ്രേംനസീര്‍ പുരസ്‌കാരം നിര്‍മാതാവ് പി.വി ഗംഗാധരനുവേണ്ടി ഭാര്യ ഷെറിന്‍ ഗംഗാധരന്‍ ഏറ്റുവാങ്ങി.

shortlink

Post Your Comments


Back to top button