International

സഹോദരിയുടെ മൃതദേഹത്തോടൊപ്പം എഴുപത്തിനാലുകാരി വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം

ബ്രൂക്ലിന്‍ : സഹോദരിയുടെ മൃതദേഹത്തോടൊപ്പം എഴുപത്തിനാലുകാരി വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം. കാനഡയിലെ ബ്രൂക്ലിനിലെ ക്ലിന്റണ്‍ റോഡിലാണ് സംഭവം. കുറെ കാലമായി നിശബ്ദമായ വീടിനെകുറിച്ച് സംശയം തോന്നിയ പ്രദേശവാസികള്‍ മുമ്പൊരിക്കല്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് സഹായം വാഗ്ദാനം ചെയ്ത് സഹോദരികളുടെ വീട്ടില്‍ വന്നിരുന്നു. എന്നാല്‍ അസ്വാഭാവികമായതൊന്നും കാണാന്‍ കഴിഞ്ഞില്ല. എട്ടു കോടി വിലവരുന്ന വീട്ടില്‍ ലിന്‍ഡയും ഏഴു വയസ്സിളപ്പമുള്ള സഹോദരി ഹോപ് വീറ്റണുമായിരുന്നു താമസം.

സഹോദരി വീറ്റണെ എന്താണ് കാണാത്തതെന്ന് ലിന്‍ഡയോട് അയല്‍വാസികള്‍ നിരന്തരം ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ മറുപടി പറയാതെ അവഗണിക്കുകയാണ് ലിന്‍ഡ ചെയ്തിരുന്നതെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംശയം തോന്നിയ പ്രദേശവാസി പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അഴുകി ചീഞ്ഞ മൃതദേഹം അടുക്കളയില്‍ കണ്ടത്. തന്റെ സഹോദരിക്ക് ഇടയ്ക്കിടക്ക് അസുഖം വരാറുണ്ടെന്നും താനാണ് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നതെന്നും പിന്നീട് തനിയെ ഭേദമാവുകയുമായിരുന്നുവെന്നുമാണ് ലിന്‍ഡയുടെ മൊഴി. ഇത്തവണയും ഇതുപോലെ താന്‍ ഭേദമാവുന്നതും പ്രതീക്ഷിച്ച് കഴിയുകയായിരുന്നുവെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയില്ലായിരുന്നെന്നും സഹോദരി പോലീസിനോട് പറയുന്നു.

അവിവാഹിതകളായ സഹോദരികള്‍ മാത്രമാണ് 1920ല്‍ പണികഴിപ്പിച്ച ഈ ഇരുനില വീട്ടില്‍ താമസം. ഡിസംബറില്‍ പതിവിലും കൂടുതല്‍ തണുപ്പുള്ള കാലാവസ്ഥയില്‍ വൃദ്ധസഹോദരികളെ സഹായിക്കാന്‍ ചെന്ന ബന്ധുവാണ് മൃതദേഹം ആദ്യം കാണുന്നത്. അഴുകിത്തീരാറായ മൃതദേഹം അടുക്കളയിലെ മേശയ്ക്കടിയില്‍ നിലത്താണ് കിടന്നിരുന്നത്. വീട് ആകെ അലങ്കോലമായി കിടക്കുകയായിരുന്നു. 2015 വേനല്‍കാലത്ത് വീറ്റണ്‍ മരിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താനായിട്ടില്ല. പോസറ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ. പോലീസും സുരക്ഷ ഉറപ്പാക്കുന്ന മറ്റ് ഉദ്യോഗസ്ഥരും സമീപകാലത്ത് ഒട്ടേറെ തവണ വീട്ടില്‍ പരിശോധന നടത്തുകയും സഹായ വാഗ്ദാനവും ചെയ്തിരുന്നെങ്കിലും വീട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. വീട്ടിനുള്ളില്‍ ആള്‍താമസത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ഇതാണ് ഇത്രനാളും സത്യം പുറത്ത് വരാന്‍ വൈകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button