NewsIndia

അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ കേന്ദ്രസര്‍ക്കാരിന്

ന്യൂഡല്‍ഹി : അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി കോടികളുടെ സ്വത്തുക്കളാണ് ദാവൂദിനുള്ളത്. ഈ സ്വത്തുക്കള്‍ എല്ലാം തന്നെ കണ്ടുകെട്ടാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. സ്വത്തുവകകള്‍ ഏറ്റെടുക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിക്കള്‍ക്കു ട്രൈബ്യൂണലിന്റെ പച്ചക്കൊടി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി
ദാവൂദിന്റെ യു.എ.ഇയിലെ 15000 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്ത പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലാണ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഫോര്‍ട്ടിഫൈഡ് പ്രോപ്പര്‍ട്ടി സ്മഗ്ളേഴ്സ് ആന്‍ഡ് ഫോറിന്‍ എക്സ്ച്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് നിയമപ്രകാരം സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയത്.
ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കഷ്‌കര്‍ താമസിക്കുന്ന മുംബൈയിലെ ദംബര്‍വാല കെട്ടിടവും ഷബ്നം ഗസ്റ്റ്ഹൗസും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ടു കെട്ടിടങ്ങളും നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി 2002, 2005 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ഇതിനെതിരേ ഇവിടുത്തെ താമസക്കാര്‍ നല്‍കിയ 27 അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് ട്രൈബ്യൂണല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കിയത്.
കെട്ടിടം ദാവൂദിന്റെ അമ്മ അമിനാ ബീയുടെ പേരിലുള്ളതാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നടപടിക്കെതിരേ ദാവൂദിന്റെ സഹോദരന്‍ 2015-ല്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. കള്ളക്കടത്തു വഴിയും അനധികൃത ഇടപാടുകള്‍ വഴിയും സമ്പാദിച്ച പണം കൊണ്ടാണു കെട്ടിടം വാങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതി റിട്ട. ജസ്റ്റിസ് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള അപ്പലേറ്റ് ട്രൈബ്യൂണല്‍ അപ്പീലുകള്‍ തള്ളിയത്.
ദാവൂദിന്റെ അമ്മയ്ക്ക് വാടക നല്‍കുന്നുണ്ടെന്നും ഏറെ നാളായി ഇവിടുത്തെ താമസക്കാരാണെന്നും പരാതിക്കാര്‍ ബോധിപ്പിച്ചു. എന്നാല്‍ നിയമപരമായ മാര്‍ഗത്തിലൂടെയാണു കെട്ടിടം സ്വന്തമാക്കിയതെന്നുള്ളതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ദാവൂദിന്റെ അമ്മയ്ക്കോ സഹോദരനോ കഴിഞ്ഞിട്ടില്ലെന്ന് ഉത്തരവില്‍ പറയുന്നു. ദാവൂദ് അനധിതകൃതമായി ആര്‍ജിച്ച പണം കൊണ്ടുവാങ്ങിയതിനാല്‍ കെട്ടിടം നിയമവിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു. 2015-ല്‍ ഇത്തരത്തില്‍ ദാവൂദിന്റെ സ്വത്തുക്കള്‍ ഏറ്റെടുത്തു സര്‍ക്കാര്‍ ലേലം ചെയ്തിരുന്നു. പത്തു രാജ്യങ്ങളിലായി കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകളാണു ദാവൂദിന് സ്വന്തമായുളളത്.

shortlink

Post Your Comments


Back to top button