KeralaNews

കേരളത്തില്‍ സഹകരണമേഖലയിലെ ആദ്യ കാന്‍സര്‍ ആശുപത്രി ജനുവരി 17ന് : സാധാരണക്കാര്‍ക്ക് അര്‍ബുദ ചികിത്സ സൗജന്യം

കോഴിക്കോട് : സംസ്ഥാനത്ത് സഹകണ മേഖലയ്ക്ക് അഭിമാനമായി കാന്‍സര്‍ ചികിത്സയ്ക്കു മാത്രമായ കാന്‍സര്‍ ആശുപത്രി എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. രാജ്യത്ത് ആദ്യമായാണ് ഒരു സഹകരണബാങ്ക് തുടങ്ങുന്ന ആശുപത്രി കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യാന്തര നിലവാരമുള്ള അര്‍ബുദ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 17ന് ചാത്തമംഗലം ചൂലൂരില്‍ തുടങ്ങിയ എംവിആര്‍ കാന്‍സര്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിലുള്ള കെയര്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്ന ആശുപത്രിയില്‍ ആദ്യഘട്ടത്തില്‍ 300 കിടക്കകള്‍ ഉണ്ടാകും.

ഏറ്റവും മികച്ച ചികിത്സ സാധാരണക്കാര്‍ക്കും താങ്ങാനാകുന്ന ചെലവില്‍ ലഭ്യമാകും. രോഗികളില്‍ നിശ്ചിത ശതമാനത്തിനു സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ചികിത്സ സൗജന്യമായും നല്‍കും. 30 ഓങ്കോളജി വിഭാഗങ്ങളിലായി 65 ഡോക്ടര്‍മാരാണ് ഉണ്ടാകുക. ഓരോ വിഭാഗത്തിലും ഒരു സീനിയര്‍ കണ്‍സല്‍റ്റന്റും ഒരു ജൂനിയര്‍ കണ്‍സല്‍റ്റന്റുമുണ്ടായിരിക്കും.
അര്‍ബുദ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും ഉള്ള മൂലക ഐസോടോപ്പുകള്‍ തയാറാക്കാനുള്ള സൈക്ലോട്രോണ്‍ സംവിധാനവും ആശുപത്രിയില്‍ ഒരുക്കും. നിലവില്‍ കേരളത്തില്‍ സൈക്ലോട്രോണ്‍ സൗകര്യം ഇല്ല. അതിനാല്‍ മുംബൈയില്‍നിന്നോ ബെംഗളൂരുവില്‍നിന്നോ ആണ് ഐസോടോപ്പുകള്‍ എത്തിക്കുന്നത്. സമയം വൈകുംതോറും ഐസോടോപ്പുകളുടെ ശക്തി കുറയുമെന്ന പ്രശ്‌നമുണ്ട്. ചാത്തമംഗലത്ത് സൈക്ലോട്രോണ്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ കേരളത്തിലെ മറ്റു ആശുപത്രികളിലേക്കും ഐസോടോപ്പുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാനാകും.
അര്‍ബുദത്തെക്കുറിച്ചുള്ള ഗവേഷണത്തിനും ഡോക്ടര്‍മാരുടെ പരിശീലനത്തിനും കേന്ദ്രം പ്രാധാന്യം നല്‍കും. രോഗികള്‍ക്കു മികച്ച ചികിത്സയോടൊപ്പം ഏറ്റവും സൗഹൃദപരമായ അന്തരീക്ഷവും ഉറപ്പാക്കും. അര്‍ബുദം തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം, നേരത്തെയുള്ള രോഗനിര്‍ണയം എന്നിവയ്ക്കു പ്രധാന്യം നല്‍കുന്ന കമ്യൂണിറ്റി ഓങ്കോളജി വിഭാഗവും പ്രവര്‍ത്തിക്കും.

shortlink

Post Your Comments


Back to top button