തിരുവനന്തപുരം : സംസ്ഥാനത്ത് ജനക്ഷേമ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചു. തദ്ദേശസ്ഥാപനങ്ങള്‍ വഴി നടക്കുന്ന ക്ഷേമപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാര പ്രദമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ക്ഷീരകര്‍ഷകര്‍ക്കും ടെറസിലെ പച്ചക്കറി കൃഷിക്ക് നല്‍കുന്ന ഗ്രോബാഗിനും പട്ടിക വിഭാഗക്കാര്‍ക്കും വീടുകളുടെ വൈദ്യുതീകരണത്തിനുമെല്ലാം കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകും.
ക്ഷീരകര്‍ഷകര്‍ക്ക് പാലിന് നാലുരൂപവരെ സബ്‌സിഡി നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പാലിന് ക്ഷീരകര്‍ഷക വകുപ്പ് ഒരു രൂപയാണ് സബ്‌സിഡി നല്‍കുന്നതെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികമായി മൂന്നുരൂപകൂടി നല്‍കാം.
എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളും ക്ഷീരവകുപ്പും ചേര്‍ന്ന് നല്‍കുന്ന സബ്‌സിഡി നാലുരൂപയില്‍ കൂടാന്‍ പാടില്ല. പട്ടികജാതി വര്‍ഗ വിഭാഗത്തില്‍പ്പെട്ട 60 കഴിഞ്ഞവര്‍ക്ക് കട്ടില്‍ വാങ്ങിനല്‍കാനും നഗരസഭകള്‍ക്കും ഗ്രാമപ്പഞ്ചായത്തുകള്‍ക്കും അനുമതി നല്‍കും. 12-ാം പദ്ധതിയിലെ സബ്‌സിഡി നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടാണ് ഉത്തരവ്. പച്ചക്കറിക്കൃഷിക്ക് ഗ്രോബാഗ്, വിത്ത്, മിശ്രിതം എന്നിവയ്ക്ക് 75 ശതമാനം സബ്‌സിഡി നല്‍കാം.
ഇത് പരമാവധി 60 രൂപ ആയിരിക്കണം. സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി നല്‍കുന്ന വയറിങ് ധനസഹായം 5000 രൂപയായി വര്‍ധിപ്പിച്ചു. കാര്‍ഷിക സബ്‌സിഡി ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് വഴിമാത്രമാക്കാനും സര്‍ക്കാര്‍ ഉത്തരവായി.
Post Your Comments