തിരുവനന്തപുരം : സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ഇപ്പോള്‍ കുറച്ചു നാളായി ശനിദശയാണ്. കള്ളപ്പണ നിക്ഷേപവും ഐ,എഫ്.എസ് കോഡ് ഇല്ലാത്തതുമെല്ലാം സഹകരണ ബാങ്കുകള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സര്‍ക്കാര്‍ വകുപ്പുകളിലെ ടെന്‍ഡര്‍ നടപടികളില്‍ സഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപങ്ങളുടെ രസീതുകള്‍ ഈടായി സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. സഹകരണബാങ്കിലെ നിക്ഷേപങ്ങളോട് അയിത്തം കാണിക്കുന്നത് പൊതുമരാമത്ത്, തദ്ദേശ സ്ഥാപനവകുപ്പുകളാണ്. സഹകരണമേഖലയെ രക്ഷിക്കാനും നിക്ഷേപം കൂട്ടാനും സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമ്പോഴാണ് വിവിധ വകുപ്പുകളുടെ വേറിട്ട മനോഭാവം. ഈ വകുപ്പുകള്‍ ടെന്‍ഡര്‍ നടപടികളില്‍ സഹകരണബാങ്കിലെ സ്ഥിരനിക്ഷേപ രസീതുകള്‍ ഈടായി സ്വീകരിക്കുന്നില്ല.
സഹകരണ ബാങ്കിന് ഐ.എഫ്.എസ്. കോഡ് ഇല്ലാത്തതിനാലാണ് നിക്ഷേപരേഖ സ്വീകരിക്കാത്തതെന്ന് വകുപ്പുകള്‍ പറയുന്നു. ദേശസാത്കൃത ബാങ്കുകളുടെ സ്ഥിരനിക്ഷേപ രസീതാണ് വകുപ്പുകള്‍ ഈടായി ചോദിക്കുന്നത്. ടെന്‍ഡര്‍ നടപടികളില്‍ അപേക്ഷിക്കുമ്പോള്‍ കരാറെടുക്കുന്ന വ്യക്തി നിശ്ചിത തുക ബാങ്കിലിട്ടതിന്റെ രസീത് ബന്ധപ്പെട്ട വകുപ്പില്‍ ഈടായി നല്‍കണം.
ഒരുലക്ഷത്തിന് 12,500 രൂപ എന്നതോതിലാണ് നിക്ഷേപിക്കേണ്ടത്. അസി. എന്‍ജിനീയറുടെ പക്കലാണ് ഇത് നല്‍കേണ്ടത്. പണി കൃത്യമായി ചെയ്താലേ ഇത് മടക്കിനല്‍കൂ. മോശം പണിയെന്ന് കണ്ടെത്തിയാല്‍ തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടും.ദേശസാത്കൃത ബാങ്കിന് ഐ.എഫ്.എസ്. കോഡ് ഉള്ളതിനാല്‍ അവിടത്തെ പണം സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റാന്‍ എളുപ്പമാണെന്നും വകുപ്പുകള്‍ വാദിക്കുന്നു. സാങ്കേതിക സൗകര്യമാണ് ദേശസാത്കൃത ബാങ്കിന്റെ രേഖയ്ക്ക് സ്വീകാര്യത നല്‍കുന്നത്.
അതേസമയം, ഐ.എഫ്.എസ്. കോഡിന്റെ പേരിലാണെങ്കിലും സഹകരണബാങ്ക് നിക്ഷേപരേഖ ഈടായി സ്വീകരിക്കാത്തതിനെതിരെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments