ദേശീയഗാന വിവാദത്തിന്റെ ചുവടുപിടിച്ച് തുടര്‍ പ്രതികരണങ്ങള്‍ വീണ്ടും സമൂഹത്തെ അലോസരപ്പെടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇന്ത്യയുടെ മതേതരസ്വഭാവം എക്കാലവും സംരക്ഷിക്കാന്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണ് കേരളം. രാഷ്ട്രീയപാര്‍ട്ടികളും അവരുടെ അജണ്ടകളും വ്യത്യസ്തമാണെങ്കിലും ദേശീയതക്കും മതേതരത്വത്തിനും മുറിവേല്‍പ്പിക്കാന്‍ കേരളത്തില്‍നിന്നും ഇതിനുമുമ്പ് ഇത്രത്തോളം വലിയരീതിയില്‍ ശ്രമങ്ങളുണ്ടായിട്ടില്ല. ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ തികച്ചും മതേതരത്വവും ദേശീയതയും സംരക്ഷിച്ച് മുന്നേറുമ്പോള്‍ ചില കോണുകളില്‍നിന്നും വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നുണ്ട്. അത് കേവലമൊരു രാഷ്ട്രീയ തന്ത്രത്തിനപ്പുറം കേന്ദ്രസര്‍ക്കാരിനെ താറടിക്കാനുള്ള ഏറ്റവും നീചമായ പ്രവര്‍ത്തികളില്‍ ഒന്നാണ്. വര്‍ഗീയതയുടെ മറ്റൊരുവശമായ ന്യൂനപക്ഷ വിരുദ്ധതയെ ആയുധമാക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചതിന്റെ ഫലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തികച്ചും മോശമായ പരാമര്‍ശങ്ങളുമായി പൊതുസമൂഹത്തിനു മുന്നിലെത്താന്‍ സംവിധായകന്‍ കമലിനെ പ്രേരിപ്പിച്ചത്.
കമലിനെ ഒരു മതത്തിന്റെയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വക്താവായല്ല, കഴിഞ്ഞ ആറുമാസം മുമ്പുവരെ കേരളം കണ്ടത്. കലാകാരന്‍ മതേതരനും സാംസ്‌കാരിക സമ്പന്നനും ഭാഷാശുദ്ധി ഉള്ളവനും ആയിരിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജനാധിപത്യപ്രക്രീയയിലൂടെ അധികാരത്തിലെത്തിയ ഒരു രാജ്യത്തെ പ്രധാനമന്ത്രിയെ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ വിമര്‍ശിച്ച കമലിന്റെ നടപടിയും വിമര്‍ശിക്കാന്‍ ഉപയോഗിച്ച വാക്കുകളും ഒരു കലാകാരന് ചേര്‍ന്നതായിരുന്നില്ല. കലാകാരന്‍ എന്ന നിലയില്‍ കമലിനു പൊതുസമൂഹം കല്‍പ്പിച്ചു നല്‍കിയ അംഗീകാരത്തെ തിരസ്‌കരിച്ചുകൊണ്ട് ന്യൂനപക്ഷത്തിന്റെ വക്താവാകുകയും രാഷ്ട്രീയ നിലപാട് സ്വീകരിച്ച് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയെ താറടിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് ഇരയാകുന്നവരില്‍നിന്നും പ്രതികരണം ഉണ്ടാകും. സ്വന്തം കടമ മറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടും. ഇടതുപക്ഷത്തിന്റെ വേദിയില്‍നിന്നും സംഘപരിവാറിനെതിരെ വാളെടുത്ത കമല്‍ സ്വാഭാവികമായും രാഷ്ട്രീയവിമര്‍ശനം അര്‍ഹിക്കുന്നുണ്ട്. അതുതന്നെയാണ് കമലിനെതിരെ ബി.ജെ.പി നേതാക്കള്‍ക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. പ്രധാനമന്ത്രിയെയും കേന്ദ്രഭരണത്തെയും താറടിച്ചുകാണിക്കാന്‍ കമല്‍ ഉപയോഗിച്ച ഭാഷയും വേദിയും ഒരിക്കലും ഒരു കലാകാരന്റേത് ആയിരുന്നില്ല; ഇടതുപക്ഷ വക്താവിന്റേതായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം രാഷ്ട്രീയവിമര്‍ശനം അദ്ദേഹം അര്‍ഹിക്കുന്നുണ്ടുതാനും. യഥാര്‍ഥത്തില്‍ കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയായിരുന്നു കമല്‍ ചെയ്തത്.
അതേസമയം ഒരു പൊതുസമൂഹത്തിന്റെ മുന്നില്‍ വിയോജിപ്പുള്ള ഒരാള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അതിനുപയോഗിക്കുന്ന ഭാഷ ശുദ്ധമായിരിക്കാന്‍ മറുപടി നല്‍കുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇന്ത്യയാണ്. ഇവിടെ ജനിച്ചുവളര്‍ന്ന എല്ലാവര്‍ക്കും ഇവിടെ തന്നെ ജീവിച്ചു മരിക്കാനുള്ള അവകാശമുണ്ട്. എതിരഭിപ്രായമുള്ളവര്‍ അന്യനാടുകളിലേക്ക് പലായനം ചെയ്യണം എന്നൊക്കെ ഒരു പൊതുവേദിയില്‍ വിളിച്ചുപറയാനും ആര്‍ക്കും അവകാശമില്ല. കമല്‍ പാകിസ്ഥാലേക്കു പോകണം എന്നു വാര്‍ത്താസമ്മേളന മധ്യേ പരോക്ഷമായി പറഞ്ഞുവച്ച ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണവും ശരിയായില്ല. ഭവിഷ്യത്തുകള്‍ തിരിച്ചറിയാത്ത രീതിയില്‍ കേവലം ഒരു പ്രസംഗതൊഴിലാളിയിലേക്ക് താഴാന്‍ പാടില്ലായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ജനക്ഷേമകരമായ നടപടികളിലൂടെ മുന്നേറുമ്പോള്‍, മുമ്പെങ്ങുമില്ലാത്ത വളര്‍ച്ച ബി.ജെ.പിക്ക് കേരളത്തില്‍ ഉള്‍പ്പടെ ഉണ്ടാകുമ്പോള്‍, പൊതുസമൂഹം ബി.ജെ.പിക്ക് അനുകൂലമായി ചിന്തിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍, അവരെപ്പോലും മുറിവേല്‍പ്പിക്കുന്ന രീതിയിലുള്ള ഏകപക്ഷീയമായ അഭിപ്രായങ്ങളില്‍നിന്നു പിന്തിരിയാന്‍ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സമൂഹത്തെ ഒന്നാകെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ഇച്ഛാശക്തിയും ആര്‍ജവവുമാണ് ഒരു രാഷ്ട്രീയ നേതാവില്‍നിന്നും എല്ലായ്‌പ്പോഴും പ്രതീക്ഷിക്കുന്നത്.
അതിനിടെ സാഹചര്യം മുതലെടുത്ത് കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ശ്രമവും എതിരാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. കമലും സംഘപരിവാറും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞദിവസം കെ.മുരളീധരന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട സംഘപരിവാര്‍ വിരുദ്ധ പോസ്റ്റ് ഇതിനുദാഹരണമാണ്. ഏതായാലും ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍നിന്നും പൊതുസമൂഹം അംഗീകരിച്ച വ്യക്തികളില്‍നിന്നും അവരില്‍നിന്നും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാകുന്നത് ഭൂഷണമല്ല. സമൂഹം കണ്ണും കാതും കൂര്‍പ്പിച്ച് അത് ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാണം കെട്ട ഈ വാചകാഭ്യാസങ്ങള്‍ അവസാനിപ്പിക്കുന്നതാണ് നല്ലത്.
Post Your Comments