തിരുവനന്തപുരം: തങ്ങള്‍ക്കെതിരായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടിയില്‍ പ്രതിഷേധിച്ച ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ തിരിയുന്നു. കഴിഞ്ഞ ദിവസം കൂട്ട അവധിക്ക് അപേക്ഷ നല്‍കിയശേഷം ജേക്കബ് തോമസിനെതിരേ പരാതി പറയാന്‍ എത്തിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ശാസിച്ചതോടെയാണ് ഇത്. മുഖ്യമന്ത്രി കണ്ണടച്ച് ജേക്കബ് തോമസിനെ പിന്തുണക്കുന്നുവെന്നാണ് ഐ.എ.എസുകാരുടെ പരാതി. തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരെ അല്ലെന്നു വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി തങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമും അവധിയില്‍ പോകാനും ആലോചിക്കുന്നുണ്ട്. എന്നാല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ചില മന്ത്രിമാര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതായാണ് വിവരം. പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ അവധിയെടുത്താല്‍ ഭരണത്തെ ബാധിക്കുമെന്നു മന്ത്രിമാര്‍ ഇവരെ അറിയിച്ചിട്ടുണ്ട്. കെ.എം എബ്രഹാമിനെ അനുനയിപ്പിക്കാന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് നേരിട്ട് ഇടപെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും ഡോ.കെ.എം എബ്രഹാമിനും പുറമേ പോള്‍ ആന്റണി, വി.വേണു, ടോം ജോസ്, ഷീല തോമസ്, പി.മാരപാണ്ഡ്യന്‍ എന്നിവരാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് എത്തിയത്.
Post Your Comments