Kerala

ഹിമവല്‍ ഭദ്രാനന്ദ അറസ്റ്റില്‍

എറണാകുളം: ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്തിയെന്ന പരാതിയില്‍ വിവാദ തോക്കുസ്വാമി എന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയെ എറണാകുളം നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയശേഷം എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. ഇതരസമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹിമവല്‍ ഭദ്രാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചശേഷമാണ് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. അതേസമയം തോക്ക് കേസുമായി ബന്ധപ്പെട്ട് എറണാകുളം പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കുകയായിരുന്നു. ആലുവ സി.ഐ ഓഫീസിനുള്ളില്‍ വെടിയുതിര്‍ക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തുവെന്ന ഈ കേസിലെ വിധിപ്രസ്താവം വ്യാഴാഴ്ചയിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പുതിയ പരാതിയില്‍ അറസ്റ്റ്. ഈ കേസില്‍ വിധി കേള്‍ക്കാന്‍ ഭദ്രാനന്ദ കോടതി വളപ്പിലെത്തിയിരുന്നു. അവിടെവെച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. അതേസമയം താന്‍ നിരപരാധിയാണെന്നും പൊലീസ് മുന്‍വൈരാഗ്യത്തോടെ പെരുമാറുകയാണെന്നും ആയിരുന്നു ഹിമവല്‍ ഭദ്രാനന്ദയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button