തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജേക്കബ് തോമസിനെതിരേ ഐ.എ.എസ് അസോസിയേഷന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയത് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ജേക്കബ് തോമസ് കൈകാര്യം ചെയ്ത തുറമുഖ വകുപ്പില്‍ അടക്കമുള്ള ക്രമക്കേടുകള്‍ ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊള്ളുന്നത്. അതേസമയം ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൃത്യമായി പരിശോധിച്ചാല്‍ ജേക്കബ് തോമസിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നാണ് സൂചന.
ഇക്കാര്യം ഇന്നലെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ജേക്കബ് തോമസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അന്വേഷിച്ചത് അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായ ജൂനിയര്‍ ഉദ്യോഗസ്ഥരാണെന്നും അതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിനു പൊതുസമൂഹത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടിയതെന്നുമാണ് ഐ.എ.എസ് അസോസിയേഷന്റെ ആക്ഷേപം. കെടിഡിഎഫ്‌സി എംഡിയായിരിക്കെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് 1,69,500 രൂപശമ്പളം കൈപ്പറ്റിയെന്നും തുറമുഖ ഡയറക്ടറായിരിക്കെ 35-50 കോടി രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയെന്നുമാണ് ജേക്കബ് തോമസിനെതിരായ പ്രധാന ആക്ഷേപം. കൂടാതെ അദ്ദേഹത്തിനു 35-40 കോടിയുടെ അനധികൃത സ്വത്ത് ഉണ്ടെന്നും ഐ.എ.എസ് അസോസിയേഷന്‍ ആരോപിക്കുന്നു.
അതേസമയം ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ തുറമുഖ വകുപ്പില്‍ 15 കോടിയുടെ സോളര്‍ പദ്ധതി നടപ്പിലാക്കിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍ വരും ദിവസങ്ങളില്‍ കടുത്ത ചര്‍ച്ചക്ക് ഇടയാക്കും. 2.10 കോടി ചിലവഴിക്കേണ്ടിയിരുന്ന സ്ഥാനത്ത് 5.84 കോടി ചിലവഴിച്ചെന്നാണ് കണ്ടെത്തല്‍. വലിയതുറ മുതല്‍ ബേപ്പൂര്‍ വരെയുള്ള തുറമുഖങ്ങളിലാണ് സോളര്‍ പാനല്‍ സ്ഥാപിച്ചത്. ഇതില്‍ നാലിടത്ത് ഉപകരണങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാണ്. കരാര്‍ കൊടുത്തതില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ പണം തിരികെപിടിച്ച് ജേക്കബ് തോമസിനെതിരെ നടപടിയെടുക്കണമെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ ശുപാര്‍ശ. നീണ്ടകര, അഴീക്കല്‍, കൊടുങ്ങല്ലൂര്‍ തുറമുഖങ്ങളുടെ വികസന പ്രവര്‍ത്തനത്തിലും ധനകാര്യ പരിശോധനാ വിഭാഗം വീഴ്ച കണ്ടെത്തിയിരുന്നു. ഈ കേസില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് ഐഐഎസ് അസോസിയേഷന്റെ ആവശ്യം.
അതേസമയം കര്‍ണാടകയിലെ കുടകില്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് 151 ഏക്കര്‍ വസ്തു ജേക്കബ് തോമസ് കൈയേറിയെന്നും ആക്ഷേപമുണ്ട്. 1991ലാണ് ഭാര്യയുടെ പേരില്‍ 15 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയത്. ഇപ്പോള്‍ ഈ വസ്തുവിനു 37.5 കോടി മതിപ്പുവിലയുണ്ട്. അതേസമയം ഈ വസ്തു വനഭൂമിയാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു 1999ല്‍ കര്‍ണാടക വനംവകുപ്പ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതുസംബന്ധിച്ച നിയമനടപടികള്‍ കര്‍ണാടകയില്‍ തുടരുകയാണ്. ജേക്കബ് തോമസിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉള്ളപ്പോഴാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ റെയ്ഡ് നടത്തുന്നത് അടക്കമുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചതെന്നും ഐ.എ.എസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.
Post Your Comments