മുംബൈ: കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതിവകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദേശം നല്‍കി. നോട്ട് നിരോധനത്തിനുമുമ്പുള്ള ഇടപാടുകളുടെസ്വഭാവം നിരീക്ഷിക്കാനാണിത്. ഇതോടെ രാജ്യത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍ ഉള്‍പ്പെടും . ഇതോടൊപ്പം എല്ലാ ബാങ്ക് അക്കൗണ്ടുകളും ഫെബ്രുവരി 28-നു മുമ്പ് പാന്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ 2016 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒമ്പതുവരെ ലഭിച്ച നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യ ബാങ്കുകള്‍ക്കും സഹകരണബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നവംബര്‍ എട്ടിനാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അധികൃതര്‍ ബാങ്കിടപാടുകളുടെ സ്വഭാവം സൂക്ഷ്മമായി വിലയിരുത്തുന്നത്.
എല്ലാ ബാങ്ക് അക്കൗണ്ടുകളും പാന്‍നമ്പറുമായി ബന്ധപ്പെടുത്തണമെന്ന് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില ഉപഭോക്താക്കള്‍ അതു പാലിച്ചിട്ടില്ല. ഫെബ്രുവരി 28-നുമുമ്പ് അതു ചെയ്തിരിക്കണമെന്നാണ് ആദായനികുതിവകുപ്പ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പാന്‍ ഇല്ലാത്തവര്‍ അതുസംബന്ധിച്ച് ഫോം 60-ല്‍ സത്യവാങ്മൂലം നല്‍കണം.
നവംബര്‍ ഒമ്പതിനുശേഷമുള്ള ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായനികുതി വകുപ്പ് ബാങ്കുകള്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. സേവിംഗ്‌സ് അക്കൗണ്ടുകളില്‍ രണ്ടര ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവരുടെയും കറന്റ് അക്കൗണ്ടില്‍ 12.50 ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവരുടെയും വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഒറ്റ ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരുടെ വിവരം നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
Post Your Comments