KeralaNews

പിണറായി വിജയന്റെ ഭാര്യയുടെ നിയമനവും വിവാദത്തില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാക്കളായ ഇ.പി ജയരാജനും പി.കെ ശ്രീമതിയും ഉള്‍പ്പെട്ട ബന്ധുനിയമന വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയെ കഴിഞ്ഞ ഇടതുസര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച നടപടിയും വിവാദമാകുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് പിണറായിയുടെ ഭാര്യ കമലയെ സാക്ഷരതാ മിഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അഡ്വ.പി.റഹീം ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇതുസംബന്ധിച്ച തന്റെ പരാതി വിജിലന്‍സ് ഡയറക്ടര്‍ പൂഴ്ത്തിയെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

പി.കെ ശ്രീമതിയുടെ മകനെ ഇ.പി ജയരാജന്‍ കെ.എസ്.ഐ.ഡി.സി എം.ഡിയായി നിയമിച്ചത് വിവാദമായപ്പോഴാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനം അന്വേഷിക്കണമെന്ന ആവശ്യം സി.പി.എം ഉയര്‍ത്തിയത്. എന്നാല്‍ അതിനുമുമ്പുള്ള ഇടതുസര്‍ക്കാരിന്റെ കാലത്തെ നിയമനവും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് യു.ഡി.എഫ് തിരികെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് സര്‍ക്കാരിന്റെ കാലത്തെ മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന ആവശ്യം ഗവര്‍ണര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. പിണറായിയുടെ ഭാര്യ കമലയെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതടക്കം വി.എസ് സര്‍ക്കാരിന്റെ കാലത്തെ പതിനഞ്ചോളം നിയമനങ്ങള്‍ അന്വേഷിക്കണമെന്നു റഹീം ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും വിജിലന്‍സ് ഡയറക്ടറുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് റഹീം ആരോപിക്കുന്നു.

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മക്കെതിരേ നേരത്തെ വിജിലന്‍സ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത് അഡ്വ.പി.റഹീം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button