തൃശൂര്‍: ജയിൽ ചപ്പാത്തിക്കും ബിരിയാണിക്കും പുറമെ ഇനിമുതൽ ബ്രെഡും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ലഭിക്കും. ജയില്‍ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ ഹിറ്റായതോടെയാണ് ബ്രഡ് വില്‍പ്പന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ഒരു ജയിലില്‍ നിന്നും ബ്രഡ് ഉത്പാദനം നടത്തുന്നത് സംസ്ഥാനത്താദ്യമായാണ്.
ബിരിയാണിയും ചപ്പാത്തിയും ബേക്കറി ഉത്പ്പന്നങ്ങളും വില്‍ക്കുന്നത് വഴി ലക്ഷങ്ങളുടെ വരുമാനമാണ് ആഭ്യന്തരവകുപ്പിന് ലഭിക്കുന്നത്. പ്രതിദിനം ഒന്നരലക്ഷത്തോളം രൂപയുടെ കച്ചവടമാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാത്രം ഈവിധത്തില്‍ നടക്കുന്നത്. കൃത്രിമ നിറങ്ങളും രുചിയും ഉപയോഗിക്കാതെ നല്ല ഭക്ഷണം ലഭിക്കുന്നു എന്നതാണ് ജയില്‍ ഉത്പ്പന്നങ്ങളുടെ ഡിമാന്റ് കൂടാനുള്ള കാരണം. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് വിയ്യൂരില്‍ നിന്നും സംസ്ഥാനത്താദ്യമായി ഫ്രീഡം ബ്രഡ് പുറത്തിറക്കുന്നത്. ജയില്‍ എഡിജിപി അനില്‍കാന്താണ് ബ്രഡ് ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
തുടക്കത്തിൽ പ്രതിദിനം 200 പാക്കറ്റ് ബ്രഡ്ഡാണ് വില്‍പ്പനയ്‌ക്കെത്തുക. ബ്രഡിന് പുറമെ ചിപ്‌സ്, കേക്ക്, ബണ്‍ എന്നിവ ഇവിടെനിന്നും വില്‍പ്പനയ്ക്കുണ്ട്. അമ്പതോളം തടവുകാരാണ് ഈ രുചിക്കൂട്ടൊരുക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ജയില്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്.
Post Your Comments